ദുബായ്: വിവിധ മേഖലയില്‍ നൂതനവും സുസ്ഥിരവുമായ ആശയങ്ങള്‍ നടപ്പിലാക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ ദുബായ് ക്വാളിറ്റി ഗ്രൂപ്പ് നല്‍കുന്ന യുഎഇ ഇനോവേഷന്‍ അവാര്‍ഡ് കരസ്ഥമാക്കി ആസ്റ്റര്‍ ഫാര്‍മസിയും ഹോസ്പ്പിറ്റലും. രണ്ടാം തവണയാണ് റീടെയില്‍, ഹെല്‍ത്ത്‌കെയര്‍ വിഭാഗത്തില്‍ ഇരു സ്ഥാപനങ്ങളും അവാര്‍ഡിന് അര്‍ഹമായത്.
ദുബായ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി പ്രസിഡന്റും, ദുബായ് എയര്‍പോര്‍ട്ട് ചെയര്‍മാനും, എമറേറ്റ്‌സ് എയര്‍ലൈന്റെയും, ഗ്രൂപ്പിന്റെയും ചെയര്‍മാനും, ചീഫ് എക്‌സിക്യൂട്ടീവുമായ ഹിസ് ഹൈനസ് ഷെയ്ക്ക് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തുമിന്റെ രക്ഷകൃത്തില്‍ 2016-ല്‍ തുടക്കം കുറിച്ച യുഎഇ ഇനോവേഷന്‍ അവാര്‍ഡ് രാജ്യത്തു സുസ്ഥിര വികസനം സാധ്യമാക്കുന്നതില്‍ സഹായിക്കുന്ന സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നു.
ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച സേവനങ്ങള്‍ ഒരുക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി അനുദിനം നവീനവും സുസ്ഥിരവുമായ ആശയങ്ങള്‍ നടപ്പിലാക്കാന്‍ ആസറ്റര്‍ നടത്തുന്ന പരിശ്രമങ്ങള്‍ക്കുള്ള അംഗീകരമാണ് ഈ അവാര്‍ഡ് എന്ന് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അലീഷ മൂപ്പന്‍ പറഞ്ഞു.
‘ലോകത്തെമ്പാടും ജനങ്ങള്‍ക്ക് ഒരേസമയം താങ്ങാന്‍ കഴിയുന്നതും പ്രാപ്യവുമായ രീതിയില്‍ ആരോഗ്യ സേവനങ്ങള്‍ വിന്യസിക്കുക എന്നതാണ് ആസ്റ്ററിന്റെ ലക്ഷ്യം. ഇതിനായി ഞങ്ങള്‍ അനുദിനം സ്വയം പുതുക്കിയാണ് മുന്നോട്ട് പോകുന്നത്. ഇത്തരം പരിശ്രമങ്ങള്‍ അംഗീകരിക്കപ്പെടുന്നത് തീര്‍ച്ചയായും സന്തോഷകരമാണ്,’ അലീഷ കൂട്ടിച്ചേര്‍ത്തു.
യുഎഇ ഇനോവേഷന്‍ അവാര്‍ഡ് ആസ്റ്റര്‍ ഫാര്‍മസിയ്ക്കു വേണ്ടി സിഇഒ എന്‍എസ് ബാലസുബ്രഹ്‌മണ്യനും, ആസ്റ്റര്‍ ഹോസ്പിറ്റലിന് വേണ്ടി സിഇഒ ഡോ. ഷെര്‍ബാസ് ബിച്ചുവും സ്വീകരിച്ചു.