യുഎഇയില്‍ അതിശക്തമായ മഴ. അല്‍ അഐനിലെ വിവിധ ഭാഗങ്ങള്‍, ദുബൈയിലെ മുറാഖാബാദ്, അജ്മാന്‍ അടക്കമുള്ള മേഖലയിലാണ് ആദ്യഘട്ടത്തില്‍ ശക്തമായ മഴ. വരും മണിക്കൂറുകളില്‍ മഴ കൂടുതല്‍ മേഖലയിലേക്ക് വ്യാപിക്കും. മഴയുടെ തോതും വരുംമണിക്കൂറില്‍ ഉയരും. ഞായറാഴ്ച വരെ അതിതീവ്ര മഴ തുടരുമെന്നാണ് ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം വ്യക്തമാക്കിയത്.
ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാണെന്ന് ദേശീയ ദുരന്തനിവാരണ അഥോറിട്ടി വ്യക്തമാക്കിയിരുന്നു. വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വേണ്ട ക്രമീകരണങ്ങള്‍ രാജ്യത്ത് നടപ്പിലാക്കിയിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയില്‍ സ്വകാര്യമേഖലയിലെ ജീവനക്കാര്‍ക്ക് വിദൂര ജോലി അനുവദിക്കാന്‍ നിര്‍ദേശം. ജീവനക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി മാനവ വിഭവ ശേഷി സ്വദേശി വല്‍ക്കരണമന്ത്രാലയത്തിന്റേതാണ് നടപടി. ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളാന്‍ കമ്പനികളോട് മന്ത്രാലയം നിര്‍ദേശിച്ചു.
വെള്ളപ്പൊക്കവും ആലിപ്പഴവര്‍ഷവും അടക്കം ഉണ്ടാകാനിടയുള്ളതിനാല്‍ ദുബൈ എയര്‍പോര്‍ട്‌സും ജാഗ്രതാനിര്‍ദേശം നല്‍കി. മോശംകാലാവസ്ഥയില്‍ വിമാനസര്‍വ്വീസുകളുടെ സമയക്രമത്തില്‍ മാറ്റമുണ്ടാകാനിടയുണ്ടെന്നും ദുബൈ എയര്‍പോര്‍ട്‌സ് വ്യക്തമാക്കി. വിമാനക്കമ്പനികളുടെ നിര്‍ദേശങ്ങള്‍ യാത്രക്കാര്‍ ശ്രദ്ധിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
കനത്ത മഴയെത്തുടര്‍ന്ന് വെടിക്കെട്ട് മാറ്റിവെച്ചതാ, യി ഗ്ലോബല്‍ വില്ലേജ് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 8,9 തിയതികളില്‍ വൈകുനേരങ്ങളില്‍ വെടിക്കെട്ട് ഉണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. കാലാവസ്ഥ അനുകൂലമായാല്‍ മാര്‍ച്ച് 10 മുതല്‍ വെടിക്കെട്ട് പുനരാരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.