യു.എ.ഇ. ദേശീയദിന അവധിയോടനുബന്ധിച്ച് സൗജന്യ പാർക്കിങ്ങും പുതുക്കിയ ഗതാഗതസമയവും പ്രഖ്യാപിച്ചു. ബഹുനില കെട്ടിട പാർക്കിങ്ങുകളിൽ ഒഴികെ ഡിസംബർ ഒന്നുമുതൽ മൂന്നുവരെ പാർക്കിങ് സൗജന്യമായിരിക്കുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ.) അറിയിച്ചു. ദുബായ് മെട്രോ റെഡ്, ഗ്രീൻലൈനുകൾ ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ പുലർച്ചെ അഞ്ചുമുതൽ അടുത്തദിവസം പുലർച്ചെ 2.15 വരെ പ്രവർത്തിക്കും. രാവിലെ ആറുമുതൽ പുലർച്ചെ ഒരുമണിവരെ ട്രാം സർവീസ് നടത്തും.ഗോൾഡ് സൂക്ക് സ്റ്റേഷൻ ഉൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകൾ പുലർച്ചെ 4.50 മുതൽ അർധരാത്രി 1.22 വരെ സർവീസ് നടത്തും. അൽ ഗുബൈബ സ്റ്റേഷൻ പുലർച്ചെ 4.13 മുതൽ അർധരാത്രി 12.57 വരെ പ്രവർത്തിക്കും. റൂട്ട് സി. 01 ഒഴികെ സത്വ സ്റ്റേഷൻ ഉൾപ്പെടെയുള്ള സബ് സ്റ്റേഷനുകളിൽ പുലർച്ചെ 4.57 മുതൽ രാത്രി 11 വരെ സർവീസ് ഉണ്ടാകും.
അൽ ഖിസൈസ് ബസ് സ്റ്റേഷൻ പുലർച്ചെ 4.50 മുതൽ അർധരാത്രി 12.04 വരെ സർവീസ് നടത്തും. അൽഖൂസ് ഇൻഡസ്ട്രിയൽ സ്റ്റേഷൻ രാവിലെ 5.30 മുതൽ രാത്രി 11.30 വരെയും പുലർച്ചെ 4.58 മുതൽ 12.15 വരെ ജബൽ അലി സ്റ്റേഷനും പ്രവർത്തിക്കും.
അൽ ഗുബൈബ പോലുള്ള ബസ് സ്റ്റേഷനുകൾ രാവിലെ 6.40 മുതൽ രാത്രി 10.20 വരെയും യൂണിയൻ സ്ക്വയർ രാവിലെ 4.25 മുതൽ അർധരാത്രി 12.15 വരെയുമുണ്ടാകും. ദേര സിറ്റി സെന്റർ രാവിലെ 6.40 മുതൽ രാത്രി 11.30 വരെ, അൽ സബ്ഖ രാവിലെ 6.30 മുതൽ രാത്രി 10.30 വരെ, ഇത്തിസലാത്ത് മെട്രോ സ്റ്റേഷൻ രാവിലെ ആറു മുതൽ രാത്രി ഒമ്പതുവരെ, അബു ഹെയിൽ മെട്രോ സ്റ്റേഷൻ രാവിലെ 6.30 മുതൽ രാത്രി 10.35 വരെ, ഹത്ത സ്റ്റേഷൻ രാവിലെ 5.30 മുതൽ രാത്രി 9.30 വരെ എന്നിങ്ങനെയാണ് പ്രവർത്തിക്കുക.