യുഎഇ: 2021-ൽ ലോകത്തെ 134 രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിതമായ രണ്ടാമത്തെ രാജ്യമായി യുഎഇ സ്ഥാനം നേടി.
കരുത്തുറ്റ ആരോഗ്യമേഖലയും, കോവിഡ് -19 വാക്സിനേഷൻ പ്രചാരണവുമാണ് യുഎഇയുടെ ഈ മികച്ച റാങ്കിംഗിന് കാരണം.
64.3 ശതമാനം ജനതയ്ക്ക് കൊറോണ വൈറസിനെതിരെ പൂർണ്ണമായും വാക്സിനേഷൻ നൽകി, ലോകത്തെ ഏറ്റവും കൂടുതൽ പ്രതിരോധ കുത്തിവയ്പ് നടത്തുന്ന രാജ്യമാണ് യുഎഇ.
യുദ്ധവും സമാധാനവും, വ്യക്തിഗത സുരക്ഷ, പ്രകൃതി ദുരന്ത സാധ്യത എന്നീ മൂന്ന് അടിസ്ഥാന ഘടകങ്ങൾ കണക്കിലെടുത്തുകൊണ്ടാണ് സൂചിക തയ്യാറാക്കിയത്. കോവിഡ് -19 മഹാമാരി മുന്നിൽവെച്ച അപകടസാധ്യതകളും ഇതിൽ ഉൾപ്പെടുന്നു.
ആഗോളതലത്തിൽ ഐസ്‌ലാൻഡിനെ ഏറ്റവും സുരക്ഷിതമായ രാജ്യമായി വിലയിരുത്തി. യഥാക്രമം യുഎഇ, ഖത്തർ, സിംഗപ്പൂർ, ഫിൻലാൻഡ്, മംഗോളിയ, നോർവേ, ഡെൻമാർക്ക്, കാനഡ, ന്യൂസിലൻഡ് മികച്ച 10 സുരക്ഷിത രാജ്യങ്ങളിൽ ഉൾപ്പെടുന്നു.
ഗ്ലോബൽ ഫിനാൻസ് മാസികയുടെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ സൂചിക മറ്റ് ഗൾഫ് രാജ്യങ്ങളെയും ഉയർത്തിക്കാണിക്കുന്നു. ഖത്തർ 3-ാം സ്ഥാനത്തും, ബഹ്‌റൈൻ 12-ാം സ്ഥാനത്തും, കുവൈത്ത് 18-ാം സ്ഥാനത്തും, സൗദി അറേബ്യ 19-ാം സ്ഥാനത്തും, ഒമാൻ 25 ആം സ്ഥാനത്തുമായാണ് സൂചികയിൽ കാണിക്കുന്നത്. ഓസ്‌ട്രേലിയ 11-ാം സ്ഥാനത്തും സ്വിറ്റ്‌സർലൻഡ് 14-ാം സ്ഥാനത്തും ജപ്പാൻ 22-ാം സ്ഥാനത്തും ചൈന 26-ാം സ്ഥാനത്തും യുണൈറ്റഡ് കിംഗ്ഡം 38-ാം സ്ഥാനത്തും ഈജിപ്ത് 65-ാം സ്ഥാനത്തും അമേരിക്ക 71-ാം സ്ഥാനത്തും ഇന്ത്യ 91-ാം സ്ഥാനത്തും പാക്കിസ്ഥാൻ 116-ാം സ്ഥാനത്തുമാണ്.
ഫിലിപ്പീൻസ്, കൊളംബിയ, ഗ്വാട്ടിമാല, നൈജീരിയ, ബോസ്നിയ, ഹെർസഗോവിന, ബ്രസീൽ, മെക്സിക്കോ, പെറു, യെമൻ, നോർത്ത് മാസിഡോണിയ എന്നീ രാജ്യങ്ങളാണ് ഏറ്റവും പിന്നിൽ.
ഗുരുതരമായ ആഭ്യന്തര കലഹങ്ങളുള്ള രാജ്യങ്ങളായ ഫിലിപ്പീൻസ്, നൈജീരിയ, യെമൻ, എൽ സാൽവഡോർ എന്നീ രാജ്യങ്ങളിൽ കോവിഡ് -19ൽ നിന്നുണ്ടായ മരണനിരക്ക് താരതമ്യേന കുറവാണെങ്കിലും, മൊത്തത്തിലുള്ള സുരക്ഷയുടെ കാര്യത്തിൽ അപര്യാപ്തമായ പ്രകടനം റിപ്പോർട്ട് ചെയ്തിട്ടുണ്ട് ഗ്ലോബൽ ഫിനാൻസ് റിപ്പോർട്ടിൽ പറയുന്നു.