അനുഗ്രഹത്തിന്റെ തീരം തേടി പുണ്യമദീനയിലേക്ക് ഇഷ്‌കിന്റെ യാത്ര, മുത്ത് റസൂൽ (സ്) അനുഗ്രഹത്തിന്റെ സ്നേഹ വസന്തം എന്ന പ്രമേയത്തിൽ യു.എ.ഇ ബായാർ ജമാഅത്ത് കൂട്ടായ്മ സംഘടിപ്പിക്കുന്ന ഒരുമാസം നീണ്ടു നിൽക്കുന്ന ഈദ് മീലാദ് 2021 കാമ്പയിനു പ്രൗഢഗംഭീര തുടക്കമായി. പ്രമുഖ പണ്ഡിതൻ യുഎഇ ബായാർ ജമാഅത്ത് കമ്മിറ്റി ചെയർമാൻ ബായാർ മുഹമ്മദ് മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു.
സമൂഹത്തിൽ തിന്മകളും അനീതികളും അക്രമങ്ങളും അധികരിച്ചു വരുന്ന വർത്തമാന കാലഘട്ടത്തിൽ സ്നേഹത്തിന്റെയും മാനവികതയുടെയും പ്രവാചക ദർശനത്തിന്റെ പ്രസക്തി വർധിച്ചു വരുന്നതായും, കലുഷിതമായ പുതിയ കാലത്തിന്റെ ചുമരെഴുത്തുകൾ വായിച്ചു ഉമ്മത്തിനെ നേർവഴിക്ക് നയിക്കാൻ പുതിയ തലമുറയിൽ പ്രവാചക ജീവിതത്തിന്റെ സന്ദേശങ്ങൾ പ്രതിഫലിപ്പിക്കുന്ന ഇസ്‌ലാമിക കലാ സാഹിത്യ സർഗ്ഗാത്മക പ്രകടനങ്ങളെ പ്രോത്സാഹിപ്പിക്കുക വഴി കുട്ടികളിൽ ഉത്തമ വ്യക്തിത്വ രൂപീകരണത്തിലൂടെ ഉന്നത സമൂഹ സൃഷ്ടിയിൽ മീലാദ് കാമ്പയിനുകൾ വലിയ പങ്കാണ് വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
മൗലീദ് പാരായണം, കുട്ടികളുടെ ഇസ്‌ലാമിക കലാ സാഹിത്യ മത്സരങ്ങൾ, പ്രവാജക പ്രകീർത്തന സംഗമങ്ങൾ, സ്നേഹ സന്ദേശ പ്രഭാഷണങ്ങൾ, വ്യത്യസ്ത വിവിധ ഓൺലൈൻ പരിപാടികളാണ് കാമ്പയിനിന്റെ ഭാഗമായി ആവിഷ്കരിച്ചിട്ടുള്ളത്. കാമ്പയിനിന്റ വിജയത്തിന്നായി അബ്ദുള്ള കുഞ്ഞി ഹാജി പൊന്നങ്കളം, ഇബ്രാഹിം ബദിയാർ, അസീസ് ബള്ളൂർ, ഇസ്മായിൽ മുഗുളി, സിറാജ് പൊന്നങ്കളം, ജലാൽ പെറുവൊടി, നിസാം ഗോൾഡൻ, ശാക്കിർ ബായാർ അംഗങ്ങളായിട്ടുള്ള സംഘാടക സമിതിയെ പ്രവർത്തക സമിതി യോഗം തിരഞ്ഞെടുത്തു. അബ്ദുൽ റഹ്‌മാൻ കമ്പളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അബ്ദുൽ റസാക്ക് ജാറം സ്വാഗതവും അഷ്‌റഫ് പി.പി നന്ദിയും പറഞ്ഞു.