മേഖല നേരിടുന്ന സങ്കീർണമായ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിന് ഗൾഫ്, അറബ് സഹകരണം ശക്തിപ്പെടുത്തണമെന്ന് യുഎഇയും സൗദിയും ആവശ്യപ്പെട്ടു.
ഹ്രസ്വസന്ദർശനാർഥം യുഎഇയിൽ എത്തിയ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് അറബ് മേഖലാ സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ അനിവാര്യത എടുത്തുപറഞ്ഞത്. ഇരുരാജ്യങ്ങളും തമ്മിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനും സഹകരണം കൂടുതൽ മേഖലകളിലേക്കു വ്യാപിപ്പിക്കാനും ഇരുവരും സന്നദ്ധത അറിയിച്ചു. പ്രാദേശിക, രാജ്യാന്തര വിഷയങ്ങളും ചർച്ച ചെയ്തു. ഊഷ്മള സ്വീകരണമാണ് യുഎഇ ഒരുക്കിയത്. യുഎഇയുടെ 53ാമത് ഈദ് അൽ ഇത്തിഹാദിന് സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ആശംസ മുഹമ്മദ് ബിൻ സൽമാൻ ഷെയ്ഖ് മുഹമ്മദിനെ അറിയിച്ചു