യുണൈറ്റഡ് അറബ് എമിറേറ്റ്സിന് (യുഎഇ) ഇന്ന് 53ാം പിറന്നാൾ.ഐക്യത്തിന്റെ പെരുനാൾ അഥവാ ഈദ് അൽ ഇത്തിഹാദ് എന്നപേരിലാണ് ഇക്കുറി രാജ്യം53ാം ദേശീയ ദിനം ആഘോഷിക്കുന്നത് . സ്വപ്നങ്ങൾ കാണുകയും ഐക്യത്തിന്റെ കരുത്തിൽ അവ യാഥാർഥ്യമാക്കുകയും വികസനക്കുതിപ്പിൽ ലോകമെമ്പാടും നിന്നുള്ള മാനവശേഷിയെ സ്വാഗതം ചെയ്യുകയും ചെയ്ത രാജ്യം. നൂറ് തികയുന്ന 2071ൽ രാജ്യം എങ്ങനെയാകണമെന്ന ചിത്രം ഇപ്പോഴേ ആലോചിക്കുന്ന യുഎഇക്കു പക്ഷേ, പൈതൃകം വിട്ടൊരു കളിയില്ല. എണ്ണ കയറ്റുമതിയെന്ന ഒറ്റ വരുമാനമാർഗം കൊണ്ട് പിടിച്ചുനിൽക്കുന്ന പഴയ യുഎഇയല്ല, വമ്പൻ രാജ്യങ്ങൾക്കു മാത്രം സാധ്യമായ ചാന്ദ്രദൗത്യം ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ സ്വന്തം പേരിലെഴുതിയ രാജ്യാന്തരശക്തിയാണ് യുഎഇ ഇന്ന്. സഖ്യനാടുകളായി അറിയപ്പെട്ടിുന്ന അബുദാബി, ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽഖുവൈൻ, ഫുജൈറ എന്നീ 6 പ്രവിശ്യകൾ ചേർന്ന് 1971 ഡിസംബർ 2ന് യുഎഇ എന്ന ഒറ്റ രാജ്യമായി. 1972 ഫെബ്രുവരി 10ന് റാസൽഖൈമയും ചേർന്നതോടെ യുഎഇയ്ക്ക് ഏഴഴകായി.സ്വന്തമായി കറൻസി പോലും ഇല്ലാതിരുന്ന 7 എമിറേറ്റുകളും ഒന്നായപ്പോൾ രൂപപ്പെട്ടത് കെട്ടുറപ്പുള്ള രാജ്യവും വികസന കാഴ്ചപ്പാടുകളും.പരന്നുകിടക്കുന്ന മരുഭൂമിയും കടലും മാത്രമായുള്ള യുഎഇ കുറഞ്ഞ നാളുകൾകൊണ്ട് വളർച്ച കൈവരിച്ചതിനു പിന്നിൽ കഠിനാധ്വാനത്തിന്റെയും നിശ്ചദാർഢ്യത്തിന്റെയും കഥകളുണ്ട്.രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച ഷെയ്ഖ് സായിദിന്റെയും ഷെയ്ഖ് റാഷിദിന്റെയും മഹത്തായ കൂട്ടുകെട്ടിനെ അനുസ്മരിച്ചാണ് ഈ വർഷം ദുബായിൽ ഒരു മാസം നീളുന്ന സായിദ് ടു റാഷിദ് ഉത്സവം നടത്തുന്നത്.