യുഎഇയിൽ സുവർണ ജൂബിലി ആഘോഷത്തിന്റെ കൗണ്ട് ഡൗൺ തുടങ്ങി. വിവിധ നാട്ടുരാജ്യങ്ങളായിരുന്ന പ്രവിശ്യകൾ ചേർന്ന് 1971 ഡിസംബർ 2നാണ് ഐക്യ അറബ് എമിറേറ്റ്സ് രൂപീകരിച്ചത്.രാജ്യത്തിന്റെ 50ാം വാർഷികാഘോഷത്തിനു സാക്ഷ്യം വഹിക്കാൻ സ്വദേശികളെയും വിദേശികളെയും അധികൃതർ ക്ഷണിച്ചു.പൊതുജനങ്ങളെയും ഉൾപ്പെടുത്തിയാണ് ഇത്തവണത്തെ ആഘോഷങ്ങൾ. ഘോഷയാത്രയിലും പരമ്പരാഗത ഉത്സവങ്ങളിലുമെല്ലാം വിദേശികളുടെയും സാന്നിധ്യമുണ്ടാകും. രാജ്യത്തിന്റെ പതാകയ്ക്കു കീഴിൽ ജനഹൃദയങ്ങൾ ഒന്നിക്കുമെന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
50 വർഷത്തെ ചരിത്രം 50 ദിവസങ്ങളിലെ ആഘോഷങ്ങളിൽ പ്രതിഫലിക്കും. എമിറേറ്റുകളുടെ ലയനം ഹൃദയങ്ങളുടെ ഐക്യപ്പെടലാണ്. ജനങ്ങൾ ഒരു പതാകയ്ക്കും ഒരു പ്രസിഡന്റി നും ഒരു നിയമത്തിനും കീഴിൽ അണിനിര ക്കുമെന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. രാജ്യത്തിന്റെ നേട്ടങ്ങളിൽ അഭിമാനത്തോടെ യാണ് സുവർണ ജൂബിലി ആഘോഷിക്കുന്നതെന്ന് അബുദാബി കിരീടാവകാശിയും യുഎഇ ഉപ സർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.
ആഘോഷത്തിലേക്ക് യുഎഇയിൽ വസിക്കുന്ന 200ലേറ രാജ്യക്കാരെ ആഘോഷകമ്മിറ്റി ക്രിയേറ്റീവ് സ്ട്രാറ്റജി മേധാവി ഷെയ്ഖ അൽ കെത്ബി ക്ഷണിച്ചു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, സ്കൂളുകൾ, സംഘടനകൾ എന്നിവരോടും സുവർണ ജൂബിലി ആഘോഷ പദ്ധതിയെ പിന്തുണയ്ക്കാൻ ആവശ്യപ്പെട്ടു.