ദുബായ് രാജ്യമാകെ നവംബർ മൂന്നിന് ദേശീയ പതാകയുയർത്താൻ യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആഹ്വാനം ചെയ്തു. യു.എ.ഇ. പ്രസിഡന്റായി ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ചുമതലയേറ്റതിന്റെ സ്മരണ പുതുക്കാനായാണ് ഓരോ നവംബർ മൂന്നാം തീയതിയും ദേശീയപതാക ഉയർത്തുന്നത്. 2013ലാണ് പതാക ദിനാചരണത്തിന് തുടക്കം.
പൗരന്മാരോടും താമസക്കാരോടും പൊതു സ്വകാര്യ സ്ഥാപനങ്ങളോടും മന്ത്രാലയങ്ങളോടും പതാകദിനത്തിന്റെ ഭാഗമാവാൻ ശൈഖ് മുഹമ്മദ് ആവശ്യപ്പെട്ടു. ‘ഐക്യവും സ്വാതന്ത്ര്യവുമാണ് യു.എ.ഇ. ദേശീയ പതാക അടയാളപ്പെടുത്തുന്നത്. നവംബർ മൂന്നിന് രാവിലെ 11-ന് എല്ലാവരും പതാക ഉയർത്തുക, യു.എ.ഇയിൽ നിലകൊള്ളുന്നതിന്റെ അടയാളമായി നാം ഇത് ഒരുമിച്ച് ഉയർത്തും’ ശൈഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു.