ദുബൈ: ഒമാനിലേക്ക് റോഡ് മാർഗം യാത്ര ചെയ്യുന്ന യു.എ.ഇയിലെ വാഹന ഉടമകൾക്ക് യു.എ.ഇ പാസ് ഉപയോഗിച്ച് ‘ഓറഞ്ച് കാർഡ്’ തൽക്ഷണം ലഭ്യമാക്കാനുള്ള പദ്ധതി അവതരിപ്പിച്ച് ഇൻഷുറൻസ് സേവന ദാതാക്കളായ ജി.ഐ.ജി ഗൾഫ്. ഒമാനിലേക്ക് യാത്ര ചെയ്യുന്ന യു.എ.ഇയിലെ വാഹന ഉടമകൾക്ക് നിർബന്ധിതമായ കാർ ഇൻഷുറൻസ് സർട്ടിഫിക്കറ്റാണ് ‘ഓറഞ്ച് കാർഡ്’.നിലവിൽ മൈ ജി.ഐ.ജി (MYGIG) കാർ പോർട്ടലിൽ ‘ഓറഞ്ച് കർഡ്’ ലഭ്യമാണ്. എന്നാൽ, ഇനി മുതൽ യു.എ.ഇ പാസിൽ ലോഗിൻ ചെയ്തും ഇൻഷുറൻസ് കാർഡ് തൽക്ഷണം ലഭ്യമാക്കാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. നേരിട്ടുള്ള അപേക്ഷ സമർപ്പണവും കാലതാമസവും ഒഴിവാക്കി ഡിജിറ്റലായി ഇൻഷുറൻസ് സേവനങ്ങൾ അതിവേഗം ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി മൈ ജി.ഐ.ജി പോർട്ടലിനെ യു.എ.ഇ പാസുമായി സംയോജിപ്പിക്കും.പലപ്പോഴും അതിർത്തി ചെക്ക് പോസ്റ്റുകളിൽ എത്തുന്നതുവരെ പല വാഹന ഉടമകളും ‘ഓറഞ്ച് കാർഡ്’ നിർബന്ധമാണെന്ന കാര്യം ഓർക്കാറില്ല. ഇവർക്ക് യു.എ.ഇ പാസിൽ ലോഗിൻ ചെയ്ത് തൽക്ഷണം സേവനം ലഭ്യമാക്കാൻ പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്ന് ജി.ഐ.ജി ഗൾഫ് സി.ഇ.ഒ പോൾ ആഡംസൺ പറഞ്ഞു.’പെരുന്നാൾ, വേനൽ അവധി ഉൾപ്പെടെ സീസണുകളിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ യാത്ര ചെയ്യുന്നവരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് യാത്രക്കാർക്ക് തടസ്സരഹിതമായ ഇൻഷുറൻസ് സേവനം ലഭ്യമാക്കുന്നതിനായി പുതിയ ഡിജിറ്റൽ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്. യു.എ.ഇ നിവാസികളിൽ 50 ശതമാനത്തിലധികം പേരും റമദാനിൽ കൂടുതൽ യാത്ര ചെയ്യുന്നതായി അടുത്തിടെ നടന്ന ഒരു സർവേ കണ്ടെത്തിയിരുന്നു.