ദുബായ്: ദുബായ് ഇമിഗ്രേഷനിൽ 2024-ൽ വിരമിച്ച മുൻ ജീവനക്കാരെ ആദരിക്കുന്നതിനായി പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. വകുപ്പിന്റെ വളർച്ചയ്ക്കും മികവിനും വലിയ സംഭാവനകൾ നൽകി വർഷങ്ങളോളം സേവനം ചെയ്ത 50 മുൻ ജീവനക്കാരെയാണ് ആദരിച്ചത്. അൽ ജാഫ്‌ലിയ ഓഫീസിൽ നടന്ന ചടങ്ങിൽ മേധാവി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി, ഉപമേധാവി മേജർ ജനറൽ ഒബൈദ് മുഹൈർ ബിൻ സുറൂർ, ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് ഫിനാൻഷ്യൽ സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ അവാദ് അൽ-അവൈം, മറ്റ് അസിസ്റ്റന്റ് ഡയറക്ടർമാർ അടക്കം നിരവധി പേർ പങ്കെടുത്തു.വിരമിച്ച ജീവനക്കാരുടെ അർപ്പണബോധത്തെ ആദരിക്കുന്നതിനായാണ് ജിഡിആർഎഫ്എ ദുബായ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. അവരുടെ നിസ്തുലമായ സംഭാവനകളെ സ്മരിക്കുന്നതിനായി “വിരമിച്ചവർ” എന്നതിന് പകരം “യാത്രയുടെ കൂട്ടാളികൾ” എന്ന വിശേഷണം ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി ചടങ്ങിൽ അവതരിപ്പിച്ചു. ഇവരുടെ സംഭാവനകളാണ് സ്ഥാപനത്തിൻ്റെ തുടർച്ചയായ വളർച്ചയ്ക്കും വിജയത്തിനും അടിത്തറയിട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”ജിഡിആർഎഫ്എ ദുബായ് നേടിയ ഈ മികച്ച നിലവാരത്തിന് പിന്നിൽ അക്ഷീണം പ്രയത്നിക്കുകയും സ്ഥാപനത്തെ രൂപപ്പെടുത്തുകയും ചെയ്ത വിശിഷ്ടരായ സഹപ്രവർത്തകരെയാണ് നാം ഇന്ന് ആദരിക്കുന്നത്. ഞങ്ങളുടെ വാതിലുകൾ അവർക്കായി എപ്പോഴും തുറന്നിരിക്കും, അവർ എക്കാലത്തും ഞങ്ങളുടെ സ്ഥാപന കുടുംബത്തിലെ അംഗങ്ങളായിരിക്കും” എന്ന് ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മർറി തൻ്റെ പ്രസംഗത്തിൽ പറഞ്ഞു.
ഒരു വ്യക്തിയുടെ യഥാർത്ഥ മൂല്യം അവർ അവശേഷിപ്പിക്കുന്ന നല്ല സ്വാധീനത്തിലാണ്. യാത്രയുടെ കൂട്ടാളികൾ സ്ഥിരമായി അർപ്പണബോധത്തിൻ്റെയും വിശ്വസ്തതയുടെയും മൂല്യങ്ങൾ ഉൾക്കൊള്ളുകയും, ഞങ്ങൾക്ക് അഭിമാനിക്കാനും പഠിക്കാനും കഴിയുന്ന ഒരു തൊഴിൽപരമായ പാരമ്പര്യം അവശേഷിപ്പിക്കുകയും ചെയ്തുവെന്ന് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് ഫിനാൻഷ്യൽ സെക്ടർ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ അവാദ് അൽ-അവൈം അഭിപ്രായപ്പെട്ടു.ഈ വാർഷിക ആദരവ്, ജീവനക്കാരുടെ ശ്രമങ്ങളെ അംഗീകരിക്കുന്നതിനും തുടർച്ചയായ സേവന സംസ്കാരം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ജിഡിആർഎഫ്എ ദുബായുടെ ആഴമായ പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നത്. ഈ സമീപനം നിലവിലെ ടീമുകൾക്ക് സ്ഥാപനത്തിൻ്റെ മികവിൻ്റെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ പ്രചോദനമാകുമെന്നും ദുബായ് ഇമിഗ്രേഷൻ അറിയിച്ചു.