ദുബായ് വിനോദ് സഞ്ചാരികളുടെ വരവിൽ കോവിഡിനു മുൻപുള്ള സ്ഥിതിയിലേക്ക് തിരികെയെത്തിയെന്ന് ടൂറിസം മന്ത്രാലയം. ഈവർഷം മേയ് വരെ 61.7 ലക്ഷം പേർ എത്തിയെന്നാണ് ഔദ്യോഗിക കണക്ക്. ഹോട്ടലുകളിലെ ശരാശരി ബുക്കിങ് 76% ആയിരുന്നു.ഹോട്ടലുകളിലെ ബുക്കിങ്ങുകളുടെ എണ്ണത്തിൽ രാജ്യാന്തരതലത്തിൽ ഒന്നാം സ്ഥാനത്താണ് ദുബായ്. ന്യൂയോർക്കിൽ61%, ലണ്ടനിൽ 60% പാരിസിൽ 57% എന്നിങ്ങനെയായിരുന്നു ഈ സമയത്തെ ഹോട്ടൽ ബുക്കിങ്. കുറഞ്ഞ ചെലവിൽ കൂടുതൽകാലത്തേയ്ക്കുള്ള താമസം എന്ന പ്രചാരണത്തിൽ 60 ഹോട്ടലുകളാണ് ഭാഗമായത്. ഇത് രാജ്യാന്തര തലത്തിൽ ടൂറിസ്റ്റുകളെഇവിടേക്ക് കൂടുതലായി ആകർഷിക്കാൻ കാരണമായെന്നും മന്ത്രാലയം വ്യക്തമാക്കി.
കോവിഡ് വന്നതോടെ കേരളമടക്കം ലോകത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ വൻ തിരിച്ചടി നേരിട്ടപ്പോഴാണ് ദുബായുടെ നേട്ടം. കണ്ടിരിക്കേണ്ട സ്ഥലമായി ദുബായിയെ ലോകത്തിനു മുൻപിൽ ടൂറിസം വകുപ്പ് അവതരിപ്പിച്ചത് ബോളിവുഡ്, ഹോളിവുഡ്താരങ്ങളെ അണിനിരത്തിയാണ്. 5 ദിവസത്തെ പണം കൊണ്ട് 7 ദിവസം തങ്ങാമെന്നതടക്കം ഓഫറുകൾ നൽകി ഹോട്ടലുകളുംസഹകരിച്ചു. മടിച്ചു നിന്ന വിനോദ സഞ്ചാര മേഖലയെ എക്സ്പോ 2020 ഒരുക്കി ദുബായ് കുലുക്കി ഉണർത്തി.എക്സ്പോ2020നെ എക്സ്പോ സിറ്റിയാക്കി മാറ്റി സഞ്ചാരികളെ വിസ്മയിപ്പിക്കാൻ എല്ലാ വഴികളും തുറക്കുകയാണ് ദുബായ്. യാത്രാനിയന്ത്രണങ്ങൾ ഇല്ലാത്തതും കോവിഡിന്റെ പേരിൽ അനാവശ്യ നിർദേശങ്ങൾ ഒഴിവാക്കിയും സഞ്ചാരികൾക്ക് എല്ലാസ്വാതന്ത്ര്യവും നൽകിയാണ് ദുബായ് വരവേൽക്കുന്നത്.