ദുബായിൽ ആഗോള വ്യോമയാനപ്രദർശനം ആരംഭിച്ച് രണ്ടാം ദിനം മൊത്തം ഇടപാടുകൾ 13,000 കോടി ദിർഹം കവിഞ്ഞു. എമിറേറ്റ്‌സ് സ്കൈ കാർഗോ തങ്ങളുടെ ചരക്ക് കപ്പാസിറ്റി കൂടുതൽ വിപുലീകരിക്കുന്നതിനായി 360 കോടി ദിർഹം നിക്ഷേപം പ്രഖ്യാപിച്ചു. രണ്ട് പുതിയ ബോയിങ് 777 എഫ് വിമാനങ്ങൾ തങ്ങളുടെ ശ്രേണിയിലേക്ക് കൂട്ടിച്ചേർക്കുമെന്നും അധികൃതർ പറഞ്ഞു. കൂടാതെ ഇസ്രായേൽ എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസുമായി നാല് ബി 777-300 ഇ.ആർ യാത്രാവിമാന ങ്ങളെ ചരക്ക് വിമാനങ്ങളാക്കി മാറ്റാനുള്ള കരാറിലും ഒപ്പുവെച്ചു. പ്രതിരോധമേഖലയിൽ എഡ്ജ് അനുബന്ധ കമ്പനിയായ ഹാൽക്കൻ അതിന്റെ യുദ്ധോപകരണ ശ്രേണിയിലേക്ക് യു.എ.ഇ. സായുധസേനയിൽനിന്ന് 320 കോടി ദിർഹത്തിന്റെ കരാർ നേടി. ഇതൊരു സുപ്രധാന കരാർ ആണെന്ന് ഹാൽകൻ സി.ഇ.ഒ. സയീദ് അൽ മൻസൂരി പറഞ്ഞു.
ആഗോളതലത്തിൽ ഏറ്റവുംവലിയ വ്യോമയാന പ്രദർശനങ്ങളിലൊന്നായ ദുബായ് എയർഷോയുടെ ആദ്യദിനം 523 കോടി ദിർഹത്തിന്റെ കരാറുകളിൽ ഒപ്പിട്ടിരുന്നു. യു.എ.ഇ. എയർഫോഴ്‌സിലേക്കായി രണ്ട് എയർബസ് എ339 എം.ആർ.ടി.ടി വാങ്ങാനായി എയർബസ് ഡിഫൻസ് ആൻഡ് സ്‌പേസുമായുള്ള കരാർ, പ്രോഗ്രസീവ് ടെക്‌നോളജീസുമായി 267 കോടി ദിർഹത്തിന്റെ കരാർ, ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനിയായ തേൽസുമായി 3.2 കോടി ദിർഹത്തിന്റെയും അമേരിക്കൻ എയ്‌റോസ്‌പേസ് കമ്പനിയായ ഗുഡ്‌റിച്ച് കോർപ്പറേഷനുമായി 6.6 കോടി ദിർഹത്തിന്റെയും കരാർ എന്നിങ്ങനെയായിരുന്നു ആദ്യദിനം. ദുബായ് എയർഷോ വ്യാഴാഴ്ച സമാപിക്കും. 148 രാജ്യങ്ങളിൽനിന്നായി 1200 പ്രദർശകരാണ് പങ്കെടുക്കുന്നത്. 13 രാജ്യങ്ങൾ എയർഷോയിൽ ആദ്യമായാണ് എത്തുന്നതെന്ന പ്രത്യേകതയുണ്ട്. ഇതുവരെ നടന്നതിൽ ഏറ്റവും ലിയ എയർഷോയാണ് ഇത്തവണത്തേത്.