ദുബായ്: ഡിജിറ്റൽ പരിവർത്തന ശ്രമങ്ങളുടെ ഭാഗമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ സേവനങ്ങൾ സെൽഫ് സർവിസ് മോഡലുകളിലേക്ക് മാറ്റുന്നു. ഇതോടെ ‘ദുബൈ നൗ’ ആപ്പ് പോലുള്ള ഷെയറിങ് ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ഉപയോക്താക്കൾക്ക് സേവനങ്ങൾ ലഭ്യമാവും. ആർടിഎ ‘360 സേവന നയ’ത്തിന്‍റെ രണ്ടാം ഘട്ടം പൂർത്തിയാക്കി അതിലൂടെ ഡ്രൈവർ, വാഹന ലൈസൻസിങ് സേവനങ്ങൾ പൂർണ്ണമായും ഡിജിറ്റൽ, പ്രോആക്ടീവ്, സംയോജിത സേവനങ്ങളാക്കി മാറ്റിയെന്ന് ചെയർമാനും ഡയറക്ടർ ജനറലുമായ മത്താർ അൽ തായർ പറഞ്ഞു.ആർടിഎയുടെ മൊത്തം സേവനങ്ങളുടെ 40 ശതമാനം വരുന്ന ഈ ഘട്ടത്തിൽ സേവന കാര്യക്ഷമത വർധിക്കുകയും ഉപയോക്തൃ അനുഭവം മെച്ചപ്പെടുകയും ഉപയോക്തൃ സന്തോഷ സൂചിക 98.9 ശതമാനമായി ഉയരുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സേവന ലഭ്യതയിൽ 96 ശതമാനം പുരോഗതി കൈവരിക്കുന്നതിനും 82 സേവനങ്ങൾക്കുള്ള കാത്തിരിപ്പ് സമയം പൂജ്യമാക്കുന്നതിനും 63 സേവനങ്ങൾക്ക് നേരിട്ട് ഓഫീസ് സന്ദർശിക്കുന്നത് ഒഴിവാക്കുന്നതിനും ഇത് കാരണമായി.സേവന പ്രക്രിയയുടെ ഘട്ടങ്ങൾ 36 ശതമാനം കുറക്കാനും സാധിച്ചു. പുതിയ ഡിജിറ്റൽ ഓപ്ഷനുകൾ വന്നതോടെ സേവന ലഭ്യത 61 ശതമാനം വർധിച്ചു. 2024 ൽ പൊതു, സ്വകാര്യ മേഖലകളിൽ നിന്നുള്ള 32 പങ്കാളികളുമായി ആർടിഎ സഹകരിച്ചു.യുഎഇ ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ദുബായ് കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്‍റെ ദീർഘ വീക്ഷണവും മാർഗനിർദേശങ്ങളുമാണ് നയത്തിന്‍റെ വികാസത്തിന് കാരണമെന്നും അൽ തായർ വ്യക്തമാക്കി.