മൂന്നു പതിറ്റാണ്ടിനകം കാർബൺ രഹിത രാജ്യമാകാനുള്ള യുഎഇയുടെ നെറ്റ്–സീറോ 2050 പദ്ധതിക്ക് ലോക രാജ്യങ്ങളുടെ പ്രശംസ. സംശുദ്ധ, പുനരുൽപാദന ഊർജ സ്രോതസ്സുകളിൽ 30 വർഷത്തിനകം 60,000 കോടി ദിർഹം നിക്ഷേപിച്ചാണ് യുഎഇ ലക്ഷ്യം നേടാൻ ഒരുങ്ങുന്നത്. കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിൽ ലോക രാജ്യങ്ങൾക്കൊപ്പം യുഎഇയുടെ പങ്ക് നിർവഹിക്കുമെന്ന് വൈസ് പ്രസിഡന്റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
പദ്ധതി യുഎഇയുടെയും ജനങ്ങളുടെയും ദീർഘവീക്ഷണമാണ് പ്രതിഫലിക്കുന്നതെന്ന് അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ സൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. എക്സ്പോ വേദിയിൽ യുഎഇ പവിലിയനിലായിരുന്നു പ്രഖ്യാപനം. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ആഘാതം മനസ്സിലാക്കി അതിജീവനത്തിന് അനുകൂല സാഹചര്യം ഒരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
കാലാവസ്ഥാ വ്യതിയാനങ്ങൾക്കെതിരായ ആഗോള പോരാട്ടങ്ങൾക്ക് ശക്തിയേകുന്ന യുഎഇയുടെ പ്രഖ്യാപനം മറ്റ് രാജ്യങ്ങൾക്കു മാതൃകയാണെന്ന് അമേരിക്കയുടെ പ്രത്യേക കാലാവസ്ഥാ പ്രതിനിധി ജോൺ കെറി പറഞ്ഞു. അടുത്ത മാസം യുകെയിൽ നടക്കുന്ന കോപ് 26 കാലാവസ്ഥാ സമ്മേളനത്തിനു മുൻപ് സുപ്രധാന പദ്ധതി പ്രഖ്യാപിച്ച യുഎഇയെ അദ്ദേഹം അഭിവാദ്യം ചെയ്തു.ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറലിന്റെ വക്താവ് സ്റ്റീഫൻ ഡുജാരികും സ്വാഗതം ചെയ്തു. സൗദി ഉൾപ്പെടെ വിവിധ ഗൾഫ് രാജ്യങ്ങളും യുഎഇയെ പ്രശംസിച്ചു.