ദുബൈ: എമിറേറ്റിന്റെ വിജയഗാഥയുടെ അവിഭാജ്യ ഘടകമായ തൊഴിലാളികളെ പങ്കെടുപ്പിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) മെഗാ ഈദ് ആഘോഷം സംഘടിപ്പിച്ചു.കാറുകളും സ്വർണ ബാറുകളും റിട്ടേൺ വിമാന ടിക്കറ്റ് അടക്കം ലക്ഷക്കണക്കിന് ദിർഹമിന്റെ സമ്മാനങ്ങൾ ഉൾപ്പെടെയാണ് ബ്ലൂകോളർ തൊഴിലാളികൾക്കായി ആഘോഷം സംഘടിപ്പിച്ചത്. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ അണിനിരന്ന രണ്ട് ദിവസത്തെ ആഘോഷത്തിൽ ഇരുപതിനായിരത്തിലധികം ആളുകൾ പങ്കാളികളായി. ‘നമുക്കൊരുമിച്ച് ഈദ് ആഘോഷിക്കാം’ എന്ന പ്രമേയത്തിലാണ് ദുബൈ അൽഖൂസ് ഏരിയയിൽ പരിപാടി സംഘടിപ്പിച്ചത്. ജി.ഡി.ആർ.എഫ്.എ ദുബൈ അസി. ഡയറക്ടർ ജനറൽ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ, ദുബൈ എമിറേറ്റ്സിന്റെ വർക്ക് റെഗുലേഷൻ സെക്ടർ അസി. ഡയറക്ടർ കേണൽ ഒമർ മത്വർ അൽ മുസൈന അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ നേതൃത്വം നൽകി.ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ഫിലിപ്പീൻസ്, ശ്രീലങ്ക, നേപ്പാൾ, തുടങ്ങിയ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ഈദ് ആഘോഷത്തിൽ പങ്കെടുത്തു. സംഗീതവും നൃത്ത പരിപാടികളും കൈനിറയെ സമ്മാനങ്ങളും സാംസ്കാരിക അവതരണങ്ങളുമൊക്കെ കോർത്ത് സംഘടിപ്പിച്ച പരിപാടി, രാജ്യത്തെ പ്രവാസി തൊഴിലാളികളോടുള്ള യു.എ.ഇയുടെ കരുതലിന്റെയും സഹകരണത്തിന്റെയും വേദിയായി മാറി.ദുബൈയുടെ വളർച്ചക്കും വികസനത്തിനും വലിയ സംഭാവന ചെയ്യുന്ന തൊഴിലാളി സമൂഹത്തിന് ആദരവ് അർപ്പിക്കുന്നതിനു വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ജി.ഡി.ആർ.എഫ്.എ ദുബൈ അസി. ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂർ പറഞ്ഞു.