ദുബായ്: ദുബായിലെ മെഹ്സൂസ് നറുക്കെടുപ്പിൽ ഭാഗ്യശാലിയെ തേടിയെത്തിയത് 50,000,000 ദിർഹത്തിന്റെ (നൂറു കോടിയിലേറെ രൂപ) ഒന്നാം സമ്മാനം. ജിസിസിയിൽ എല്ലാ ആഴ്ചയും നടക്കുന്ന നറുക്കെടുപ്പായ മെഹ്സൂസിൽ ഒരാൾക്ക് 100 കോടിയുടെ സമ്മാനം ലഭിക്കുന്നത് ഇതാദ്യമാണ്. യുഎഇയിലെ തന്നെ ഏറ്റവും ഉയർന്ന സമ്മാന തുകയും ഇതാണ്. എന്നാൽ ആ ഭാഗ്യശാലിയെ കുറിച്ചുള്ള വിവരങ്ങൾ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ഏഷ്യക്കാരനായ പ്രവാസിയാണ് ഭാഗ്യവാനെന്നാണ് വിവരം.കൂടാതെ മറ്റ് ആറുപേർ 333,333 ദിർഹം നറുക്കെടുപ്പിലൂടെ സ്വന്തമാക്കി. 185 വിജയികൾ 1000 ദിർഹം വീതം നേടി. 3,456 പേരാണു 35 ദിർഹത്തിന്റെ സമ്മാനം സ്വന്തമാക്കിയത്. മഹ്സൂസിന്റെ 48–ാം പ്രതിവാര നറുക്കെടുപ്പിന്റെ വിജയികളെ ആണ് ഇന്നലെ പ്രഖ്യാപിച്ചത്. വളരെ സന്തോഷത്തോടെയാണ് വിജയിയെ പ്രഖ്യാപിക്കുന്നതെന്ന് മെഹസൂസ് ഡ്രോ മാനേജിങ് ഓപ്പറേറ്റർ ഫരിദ് സംജി പറഞ്ഞു. 35 ദിർഹം നൽകി ഒരു കുപ്പി വെള്ളംവാങ്ങിയാണ് അദ്ദേഹം നറുക്കെടുപ്പിൽ പങ്കെടുത്തത്. തിരികെ കിട്ടിയതോ ജീവിതം മാറ്റി മറിക്കുന്ന വലിയ സമ്മാനവും– അദ്ദേഹം പറഞ്ഞു.