യുഎഇ: വിദ്യാഭ്യാസരംഗത്ത് യുഎഇ ഒന്നാമത് എത്തി. നിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ ആണ് യുഎഇ ആഗോള സൂചികയിൽ ഒന്നാമത് എത്തിയത്. വേൾഡ് ഇക്കോണമിക് ഫോറത്തിന്റെ ഗ്ലോബൽ ജെൻഡർ ഗ്യാപ്പ് റിപ്പോർട്ട്, പ്രൈമറി എജ്യുക്കേഷൻ എൻറോൾമെന്റ് ആൻഡ് ലിറ്ററസി ഇൻഡക്സ്, ഐഎംഡി രാജ്യാന്തര വിദ്യാർഥി സൂചിക എന്നിവയിലാണ് യുഎഇ ഒന്നാം സ്ഥാനം നേടിയത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യൂണിവേഴ്സിറ്റി, കോഡിങ് സ്കൂൾ, ഇന്റർനെറ്റ് ഓഫ് തിങ്സ്, ഓഗ്മെന്റ് റിയാലിറ്റി, സ്പേസ് ടെക്നോളജി തുടങ്ങി നവീന വിദ്യാഭ്യാസ രംഗത്ത് ലോക വിദ്യാർഥികളെ ആകർഷിക്കുകയാണ് യുഎഇ. കൂടാതെ സ്കൂൾ തലം മുതൽ നൂതന വിദ്യാഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നു. പൊതുവിദ്യാലയങ്ങളിൽ എല്ലാ പൗരന്മാർക്കും സൗജന്യ വിദ്യാഭ്യാസം നൽകുന്നതിനൊപ്പം 6 മുതൽ 18 വയസ്സ് വരെ (പ്ലസ് ടു) വിദ്യാഭ്യാസം നിർബന്ധമാക്കിയതും രാജ്യാന്തര സൂചികയിൽ മികച്ച സ്ഥാനം നേടിക്കൊടുത്തു. എല്ലാവർക്കും വിദ്യാഭ്യാസം ഉറപ്പാക്കുക, താൽപര്യമുള്ളവർക്ക് ആജീവനാന്ത പഠന അവസരങ്ങൾ പ്രോത്സാഹിപ്പിക്കുക തുടങ്ങി വിദ്യാഭ്യാസ രംഗത്തെ സുസ്ഥിര വികസന ലക്ഷ്യം (ഗോൾ–4) കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾ യുഎഇ ശക്തിപ്പെടുത്തിയതായി ഫെഡറൽ കോംപറ്റെറ്റിവ്‌നെസ് ആൻഡ് സ്റ്റാറ്റിസ്റ്റിക്‌സ് സെന്റർ (എഫ്‌സിഎസ്‌സി) ചൂണ്ടിക്കാട്ടി.