യു.എ.ഇ.പുതുവർഷാഘോഷംഗംഭീരമാക്കാനൊരുങ്ങുന്നു. ലോകമഹാമേളയായ എക്സ്‌പോ 2020 ദുബായിൽ തുടരുന്നതു കൊണ്ട് മുൻവർഷങ്ങളെക്കാൾ വ്യത്യസ്തമായിരിക്കും ഈ പുതുവർഷം. ലോകസഞ്ചാരികളെല്ലാം സമ്മേളിക്കുന്ന എക്സ്‌പോ 2020-ൽ തന്നെയായിരിക്കും പുതുവർഷം പുതുമയോടെ അരങ്ങേറുന്നത്. എക്സ്‌പോ വില്ലേജിലും ഗംഭീര കരിമരുന്ന് പ്രയോഗം ഉണ്ടാകും. യു.എ.ഇ.യുടെ വിവിധ യിടങ്ങളിൽ വെടിക്കെട്ടിനുള്ള ഒരുക്കങ്ങളെല്ലാം തുടങ്ങി യിട്ടുണ്ട്.പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ദുബായിൽ നടക്കുന്ന വർണാഭമായ വെടിക്കെട്ട് ബോട്ടുകളിൽ ഇരുന്ന് കാണാൻ ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയും അവസരമൊരുക്കുന്നുണ്ട്. പ്രത്യേക ഇളവുകളും മികച്ച സേവനങ്ങളും നൽകിയാണ് ആർ.ടി.എ. സന്ദർശകരെ ബോട്ടുകളിലേക്കും കപ്പലുകളിലേക്കും ക്ഷണിക്കുന്നത്. 31-ന് രാത്രി ദുബായ് ഫെറി, വാട്ടർബസ്, അബ്ര എന്നിവ കേന്ദ്രീകരിച്ചാണ് ആഘോഷവേദികൾ ഒരുങ്ങുക. താമസക്കാർക്കും സന്ദർശകർക്കും പുതുവത്സര രാവ് മറക്കാനാകാത്ത അനുഭവമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിയെന്ന് ആർ.ടി.എ. വ്യക്തമാക്കി.
ജനങ്ങളുടെ സന്തോഷത്തിന് പ്രഥമപരിഗണന നൽകിക്കൊണ്ടുള്ള സേവനങ്ങളാണ് ആർ.ടി.എ. ലഭ്യമാക്കുന്നതെന്ന് ജലഗതാഗതവകുപ്പ് ഡയറക്ടർ മുഹമ്മദ് അബൂബക്കർ അൽ ഹാഷിമി പറഞ്ഞു. ബുർജ് ഖലീഫ, ദുബായ് ഫെസ്റ്റിവൽ സിറ്റി, ബുർജ് അൽ അറബ്, അറ്റ്‌ലാന്റിസ്, ബ്ലൂ വാട്ടർ, ജുമൈറ ബീച്ച് ടവർ എന്നിവിടങ്ങളിൽ നടക്കുന്ന വെടിക്കെട്ട് ഈ സംവിധാനങ്ങളിൽനിന്ന് ആസ്വദിക്കാനാകും. ആർ.ടി.എ. ടോൾ ഫ്രീ നമ്പറിൽ (8009090) വിളിച്ചോ wtbook@rta.ae എന്ന വിലാസത്തിൽ ഇ-മെയിൽ ചെയ്തോ സേവനങ്ങളെക്കുറിച്ച് അറിയാവുന്നതാണ്.