ലണ്ടൻ : അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വികസ്വര രാജ്യങ്ങളിലെ വിദ്യാഭ്യാസ പരിപാടികളെ പിന്തുണയ്ക്കുന്നതിന് യുഎഇ 367 ദശലക്ഷം ദിർഹം ($ 100 മില്യൺ) ദി ഗ്ലോബൽ പാർട്ണർഷിപ്പ് ഫോർ എഡ്യൂക്കേഷന് (ജിപിഇ) വാഗ്ദാനം ചെയ്തു.
താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ വിദ്യാഭ്യാസത്തെ പരിവർത്തനം ചെയ്യുന്നതിനായി മാത്രം നീക്കിവച്ചിരിക്കുന്ന ഏറ്റവും വലിയ ആഗോള ഫണ്ടാണ് ജിപിഇ.2003 ൽ സ്ഥാപിതമായ ഈ പരിപാടി ദാതാക്കൾ, വികസ്വര രാജ്യങ്ങളിലെ സർക്കാരുകൾ, അന്താരാഷ്ട്ര സംഘടനകൾ, സ്വകാര്യ മേഖല, അധ്യാപക സംഘടനകൾ, സിവിൽ സൊസൈറ്റി സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് പ്രവർത്തിക്കുന്നു.
യുഎഇ അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം അൽ ഹാഷിമി പങ്കെടുത്ത ലണ്ടനിൽ നടന്ന ജിപിഇ ഉച്ചകോടിയിലാണ് ഇക്കാര്യം അറിയിച്ചത്.
ലോകമെമ്പാടുമുള്ള വികസ്വര രാജ്യങ്ങൾക്ക് യുഎഇ വിദേശസഹായം നൽകുമ്പോൾ കുട്ടികളുടെ വിദ്യാഭ്യാസമാണ് മുൻഗണനയെന്ന് അൽ ഹാഷിമി പറഞ്ഞു.
ദീർഘകാല വിജയത്തിനായി സ്ത്രീകൾക്കും പെൺകുട്ടികൾക്കും യുവാക്കൾക്കും ആവശ്യമായ കഴിവുകൾ വികസിപ്പിക്കുന്നതിനായി ജിപിഇ പോലുള്ള പ്രാദേശിക, അന്തർദ്ദേശീയ പങ്കാളികളുമായി യുഎഇ തുടർന്നും പ്രവർത്തിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു.