അബുദാബിയിൽ നടത്തിവരാറുള്ള സുസ്ഥിരവാരാചരണം ഇത്തവണ എക്സ്പോ 2020-യുടെ ഭാഗമാകും. സുസ്ഥിര വികസനത്തിലൂടെ ഭാവിതലമുറയ്ക്ക് ദിശാബോധം നൽകുകയെന്ന ലക്ഷ്യത്തിലാണിത് .വാരാചരണത്തിന്റെ ഉദ്‌ഘാടനച്ചടങ്ങിനൊപ്പം സായിദ് സസ്‌റ്റൈനബിലിറ്റി പുരസ്കാരദാനവും ദുബായ് എക്സിബിഷൻ സെന്ററിൽ എക്സ്പോയുടെ ഭാഗമായി 2022 ജനുവരി 17-ന് നടക്കും. എക്സ്പോയുടെ കാലാവസ്ഥാ, ജൈവവൈവിധ്യ വാരാചരണത്തിന്റെ ഭാഗമായാണ് ഈ പ്രഖ്യാപനമുണ്ടായത്.
ലോകത്തിന്റെ ആരോഗ്യം എന്ന ആശയത്തിൽ യു.എ.ഇ. നടപ്പാക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിനെതിരേയുള്ള പ്രവർത്തനങ്ങളും അത് വീടുകളിലും സമൂഹത്തിലും രാജ്യത്തും അന്താരാഷ്ട്ര തലങ്ങളിലും പ്രതിഫലിക്കുന്ന രീതികളും വിശദമാക്കും. 170 രാജ്യങ്ങളിൽനിന്നുള്ള 45,000 പ്രതിനിധികൾ ഭാഗമാകുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന പദ്ധതി ജനുവരി 15 മുതൽ 19 വരെ നടക്കും. യു.എ.ഇ.യുടെ സുസ്ഥിരതയിലൂന്നിയ വികസനവും കാലാവസ്ഥാ വ്യതിയാനത്തിനെതിരേ നടപ്പാക്കുന്ന പദ്ധതികളും വിശദമാക്കുന്ന വേദിക്ക് എക്സ്പോയുമായി ചേരുന്നതോടെ കൂടുതൽ സാധ്യതകൾ തുറക്കപ്പെടുമെന്ന് യു.എ.ഇ. വ്യവസായ, നൂതന സാങ്കേതിക വകുപ്പുമന്ത്രി ഡോ.സുൽത്താൻ അൽ ജാബർ പറഞ്ഞു.
ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള 600 പ്രമുഖരാണ് സായിദ് സസ്‌റ്റൈനബിലിറ്റി പുരസ്കാരദാനച്ചടങ്ങിന്റെ ഭാഗമാക്കുക. 30 ലക്ഷം യു.എസ്. ഡോളറാണ് ആകെ പുരസ്കാരത്തുക.