എക്സ്പോ ഇന്ത്യൻ പവിലിയൻ സന്ദർശിച്ചവരുടെ എണ്ണം ആറുലക്ഷം പിന്നിടുന്നു. സന്ദർശകർക്ക് പ്രവേശനാനുമതി നൽകി 83 ദിവസത്തിനകമാണ് ഇത്രയധികം പേർ പവിലിയനിലെത്തുന്നത്. ഇന്ത്യയുടെ വൈവിധ്യങ്ങളറിയാൻ ഡിസംബർ 22-വരെ എത്തിയവരുടെ എണ്ണം 6,04,582 ആണ്. ഇതോടെ ഏറ്റവുമധികം പേർ സന്ദർശനം നടത്തിയ പവിലിയനുകളിൽ ഒന്നായി ഇന്ത്യയുടേത് മാറുകയാണ്.
ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യങ്ങളും ബിസിനസ് സാധ്യതകളുമാണ് ഇതിലൂടെ തുറന്നിടുന്നതെന്ന് നിയുക്ത യു.എ.ഇ. ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീർ അഭിപ്രായ പ്പെട്ടു. ബിസിനസ് സംരംഭ സാധ്യതകൾ തുറന്നിടുന്നതിലൂടെ ആഗോള നിക്ഷേപകരുടെ ശ്രദ്ധയാകർഷിക്കാൻ സാധിക്കുന്നു. ക്രിസ്മസ്- പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കൂടുതൽ സന്ദർശകരുടെ വരവ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
നിർമിതിയിലെ പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്റ്റ്സിന്റെ ‘മോസ്റ്റ് ഐക്കണിക് പവിലിയൻ’ അംഗീകാരം ഇന്ത്യൻ പവിലിയന് ലഭിച്ചിരുന്നു. ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്ക് പിന്തുണനൽകുന്നതിന്റെ ഭാഗമായി തുടക്കം കുറിച്ച ‘എലിവേറ്റ്’ ഇന്ത്യൻ പവിലിയന്റെ പ്രത്യേകതയാണ്. ആഗോള നിക്ഷേപക സമൂഹത്തിന് ഇന്ത്യൻ സംരംഭകരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഈ വേദി അവസരമൊരുക്കുന്നു. ഗുജറാത്ത്, കർണാടക, തെലങ്കാന, ഉത്തർപ്രദേശ്, രാജസ്ഥാൻ, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ ലഡാകും ബിസിനസ് സാധ്യതകൾ എലിവേറ്റിലൂടെ പങ്കുവെച്ചിരുന്നു. കേരളം, ഗോവ, ജാർഖണ്ഡ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽനിന്നുള്ള സ്റ്റാർട്ടപ്പുകൾ എലിവേറ്റിലൂടെ പരിചപ്പെടുത്താനിരിക്കുകയാണ്. വിവിധ കലാസാംസ്കാരിക പരിപാടികളും എക്സ്പോ ഇന്ത്യൻ പവിലിയനിൽ നടന്നുവരുന്നു.