ദുബായ് ∙ ഈ വർഷം റമസാൻ 30 തികയുമെന്നും നോമ്പിന്റെ പ്രതിദിന ദൈർഘ്യം ഏകദേശം 13 മണിക്കൂറായിരിക്കുമെന്നും എമിറേറ്റ്സ് അസ്ട്രോണമിക്കൽ സൊസൈറ്റി കൗൺസിൽ.
നോമ്പ് തുടങ്ങും മുതൽ അവസാനിക്കും വരെയുള്ള സമയത്തിൽ കിഴക്കൻ മേഖലയുമായി താരതമ്യം ചെയ്യുമ്പോൾ പ്രദേശങ്ങൾക്ക് അനുസൃതമായി 20 മിനിറ്റ് വരെ വ്യത്യാസമുണ്ടായിരിക്കും. എങ്കിലും യുഎഇയിലെ എല്ലാ എമിറേറ്റുകളിലും വ്രതസമയം 13 മണിക്കൂർ കടക്കും.
മാർച്ച് ഒന്നിന് വ്രതമാസം ആരംഭിക്കുമെന്ന് കൗൺസിൽ പ്രതിനിധികൾ പറഞ്ഞു. മാർച്ച് 29നു ചന്ദ്രനെ കാണാൻ സാധ്യതയില്ലാത്തതിനാൽ നോമ്പ് 30 പൂർത്തിയാക്കി 31ന് ആയിരിക്കും പെരുന്നാളെന്നും അവർ പറഞ്ഞു. അബുദാബിയുടെ ഭാഗമെങ്കിലും സൗദി അതിർത്തി പ്രദേശമായ സലയിലും യുഎഇയുടെ മറ്റൊരു അതിർത്തിയായ ഗുവൈഫാത്തിലും 20 മിനിറ്റ് വ്യത്യാസം വ്രത സമയത്തിലുണ്ടാകും. താപനില ഏകദേശം 18 – 29 ഡിഗ്രിയായിരിക്കും. എന്നാൽ നോമ്പ് കഴിയുമ്പോഴേക്കും താപനില 34 ഡിഗ്രി വരെയെത്തും.18 മുതൽ 24 മില്ലിമീറ്റർ മഴ ലഭിക്കാനും സാധ്യതയുണ്ട്.