ദുബൈ: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായി ഇന്ത്യക്കാർ. വിവിധ രാജ്യങ്ങളായി വ്യാപിച്ച ഇന്ത്യക്കാർ മിക്ക രാജ്യങ്ങളിലും പ്രധാന സാന്നിധ്യമാണ്. പ്രവാസി ഇന്ത്യക്കാരിൽ ഭൂരിഭാഗം പേരും ഗൾഫ് രാജ്യങ്ങളിലാണെന്നും ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിത്ത ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു.വിവിധ രാജ്യങ്ങളിലായി ലോകത്തെമ്പാടും മൂന്നരക്കോടിയിലേറെ ഇന്ത്യക്കാരാണ് പ്രവാസികളായി കഴിയുന്നത്. മൊത്തം മൂന്നു കോടി 54 ലക്ഷം പ്രവാസി ഇന്ത്യക്കാരിൽ ഒരു കോടി 59 ലക്ഷം പേരാണ് ഇന്ത്യൻ പാസ്പോർട്ടോടെ നോൺ റെസിഡന്റ് ഇന്ത്യക്കാരായി വിദേശ രാജ്യത്തുള്ളത്.
പ്രവാസികളിൽ ഭൂരിഭാഗം പേരും ഗൾഫ് രാജ്യങ്ങളിൽ തൊഴിലെടുത്ത് ജീവിക്കുന്നവരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. പ്രവാസി ഇന്ത്യക്കാരുടെ എണ്ണത്തിൽ യു.എ.ഇയിൽ ഗൾഫ് രാജ്യങ്ങളിൽ ഒന്നാമതും ആഗോളതലത്തിൽ രണ്ടാമതുമാണ്. 3.55 ദശലക്ഷം പേർ ഇവിടെ വസിക്കുന്നു. ദുബൈ, അബുദബി, ഷാർജ തുടങ്ങിയ നഗരങ്ങളിൽ ഇന്ത്യക്കാരുടെ വലിയ സമൂഹങ്ങളുണ്ട്. ഇവിടെ ബിസിനസ്, ആരോഗ്യം, നിർമ്മാണം, സേവന മേഖലകളിൽ മുഖ്യമായും ഇന്ത്യക്കാരാണ്.സൗദി അറേബ്യയിൽ ഏകദേശം 2.5 ദശലക്ഷം ഇന്ത്യക്കാരുണ്ട്. നിർമ്മാണം, ആരോഗ്യം, ഐടി മേഖലകളിൽ നിരവധി പേർ ജോലി ചെയ്യുന്നു. ഇന്ത്യൻ പ്രവാസികൾക്ക് സൗദി അറേബ്യ വർഷങ്ങളായി ഇഷ്ടരാജ്യമാണ്.കുവൈത്തിൽ ഏകദേശം 10 ലക്ഷം ഇന്ത്യക്കാരുണ്ട്. അവരിൽ ഭൂരിഭാഗവും നിർമ്മാണം, സേവനങ്ങൾ തുടങ്ങിയ വിദഗ്ധ, അർദ്ധ-വിദഗ്ധ മേഖലകളിലാണ് ജോലി ചെയ്യുന്നത്. കുവൈത്തിലെ തൊഴിൽ ശക്തിയുടെ പ്രധാന ഭാഗമാണ് ഇന്ത്യൻ സമൂഹം.ഏറ്റവും വലിയ ഇന്ത്യൻ പ്രവാസി സമൂഹം താമസിക്കുന്നത് അമേരിക്കയിലാണ്. ഏകദേശം 5.4 ദശലക്ഷം ഇന്ത്യൻ വംശജരാണ് ഇവിടെയുള്ളത്.
ഇതിൽ നോൺ-റസിഡന്റ് ഇന്ത്യക്കാരും, ഇന്ത്യൻ വംശജരായ വ്യക്തികളും ഉൾപ്പെടുന്നു. അവരിൽ പലരും സാങ്കേതികവിദ്യ, ബിസിനസ്, രാഷ്ട്രീയം, വിദ്യാഭ്യാസം എന്നിവയിൽ പ്രമുഖരാണ്. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് അമേരിക്ക ഇപ്പോഴും ഒരു മികച്ച ലക്ഷ്യസ്ഥാനമാണ്.
2.9 ദശലക്ഷം ഇന്ത്യൻ വംശജരുള്ള മലേഷ്യയാണ് രണ്ടാമത്. കാനഡയിൽ ഏകദേശം 2.8 ദശലക്ഷം ഇന്ത്യൻ വംശജർ ഉണ്ട്. മ്യാൻമർ – 2 ദശലക്ഷം, ബ്രിട്ടൺ – 1.8 ദശലക്ഷം, ദക്ഷിണാഫ്രിക്ക – 1.7 ദശലക്ഷം, ശ്രീലങ്ക – 1.6 ദശലക്ഷം എന്നിങ്ങനെയാണ് കൂടുതൽ ഇന്ത്യക്കാർ വസിക്കുന്ന പുറം രാജ്യങ്ങൾ.