ദുബായ്: ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജി.ഡി.ആർ.എഫ്.എ) ഈദ് അൽ ഫിത്തർ അവധിക്ക് ശേഷം ജാഫിലിയയിലെ പ്രധാന കസ്റ്റമർ ഹാപ്പിനെസ് സെൻ്റർ താൽക്കാലികമായി അടയ്ക്കുന്നതായി അറിയിച്ചു. സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും പ്രവർത്തന അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമുള്ള അറ്റകുറ്റപ്പണികളുടെയും വികസന പ്രവർത്തനങ്ങളുടെയും ഭാഗമായാണ് ഈ നടപടി.സേവനങ്ങൾക്ക് തടസ്സമുണ്ടാകാതിരിക്കാൻ, മാക്സ് മെട്രോ സ്റ്റേഷന് പുറകിലായി ഒരു താൽക്കാലിക കേന്ദ്രം ജി.ഡി.ആർ.എഫ്.എ ദുബായ് സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ സേവനങ്ങളും അതേ കാര്യക്ഷമതയോടെയും ഗുണനിലവാരത്തോടെയും ഇവിടെ ലഭ്യമാകും.
ഉപഭോക്താക്കൾ അവരുടെ ഇടപാടുകൾ എളുപ്പത്തിൽ പൂർത്തിയാക്കാൻ 24 മണിക്കൂറും ലഭ്യമായ സ്മാർട്ട് ആപ്ലിക്കേഷനുകൾ ഉപയോഗപ്പെടുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. പിന്തുണയ്ക്കും അന്വേഷണങ്ങൾക്കുമായി ടോൾ ഫ്രീ നമ്പർ 8005111 വഴി “അമേർ” കോൾ സെൻ്ററുമായി ബന്ധപ്പെടുകയോ ഔദ്യോഗിക വെബ്‌സൈറ്റായ www.gdrfad.gov.ae സന്ദർശിക്കുകയോ ചെയ്യാവുന്നതാണ്.
ഡിജിറ്റൽ ഇന്നൊവേഷനും എളുപ്പത്തിൽ ലഭ്യമാകുന്ന സേവനങ്ങളും നൽകാനുള്ള അതോറിറ്റിയുടെ പ്രതിബദ്ധതയെ ഇത് എടുത്തു കാണിക്കുന്നു.ഉപഭോക്താക്കളുടെ സംതൃപ്തി ഉറപ്പാക്കുന്ന വഴക്കമുള്ളതും കാര്യക്ഷമവുമായ സേവനങ്ങൾ നൽകാനുള്ള ശക്തമായ പ്രതിബദ്ധത ജി.ഡി.ആർ.എഫ്.എ ദുബായ് വീണ്ടും ഉറപ്പിച്ചു. സർക്കാർ സേവന രംഗത്ത് സ്ഥാപന മികവും നേതൃത്വവും വളർത്താനുള്ള തുടർച്ചയായ ശ്രമങ്ങളുടെ പ്രതിഫലനമാണിത്.