ദുബായ്: എക്സ്പോ ഇന്ത്യൻ പവലിയനിൽ ഇന്നലെ നടന്ന ഇന്ത്യ-ജി.സി.സി ബിസിനസ് കോൺഫറൻസ് ശ്രദ്ധേയമായി. ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും പ്രമുഖർ പങ്കെടുത്ത കോൺഫറൻസിൽ, വ്യാപാരബന്ധം മെച്ചപ്പെടുത്തുന്നതിനെ കുറിച്ച അഭിപ്രായങ്ങളുയർന്നു. കോവിഡിന് ശേഷമുള്ള ലോകത്ത് ബിസിനസ് രംഗം വളർച്ച കൈവരിക്കുന്നതിന് യുഎഇയുടെ എക്സ്പോ വലിയ രീതിയിൽ സഹായിച്ചിട്ടുണ്ടെന്ന് ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ ഡോ. അമൻ പുരി പ്രസ്താവിച്ചു. ഗൾഫ് രാജ്യങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധത്തിൽ സമീപകാലത്ത് വലിയ മുന്നേറ്റം കൈവരിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. അടുത്ത നാലുവർഷം കൊണ്ട് ഇന്ത്യയിലെ വിദേശനിക്ഷേപം 120-160 ബില്യൺ ഡോളറിലെത്തുമെന്നും അതിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സംഭാവന വലുതായിരിക്കുമെന്നും ചടങ്ങിൽ സംസാരിച്ച വിദേശകാര്യ മന്ത്രാലയം ജോ.സെക്രട്ടറി വിപുൽ പറഞ്ഞു.ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും ഇന്ത്യൻ പവലിയനും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഫിക്കി ഇന്ത്യ-അറബ് കൗൺസിൽ കോ-ചെയർമാൻ ഡോ. സിദ്ദീഖ് അഹ്മദ് സംബന്ധിച്ചു.