ദുബായ്: ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റിയുടെ പൊതുഗതാഗത ദിനാചരണത്തിന് തുടക്കമായി . ഒരാഴ്ച നീണ്ടുനിൽക്കുന്ന വിവിധ പരിപാടികൾ ‘ഒരുമിച്ച് എക്സ്‌പോയിലേക്ക്’ എന്ന ആശയത്തിലാണ് നടക്കുക. മെട്രോ, ബസുകൾ, ടാക്സികൾ എന്നിവയെ കൂടുതലായും ആശ്രയിച്ച് സ്വകാര്യവാഹനങ്ങളിലുള്ള യാത്രകൾ പരമാവധി കുറയ്ക്കാൻ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി ആകർഷകമായ പ്രവർത്തനങ്ങളാണ് നടപ്പാക്കുക.
ആർ.ടി.എ.യുടെ 16-മത് വാർഷികവും പൊതുഗതാഗത ദിനത്തോടനുബന്ധിച്ചായത് പ്രവർത്തനങ്ങൾക്ക് കൂടുതൽ പ്രത്യേകത നൽകുന്നു. പൊതുഗതാഗത സംവിധാനങ്ങളിലേക്ക് കൂടുതൽപ്പേരെ ആകർഷിക്കുന്നതിന്റെ ഭാഗമായി ഫോട്ടോഗ്രാഫി മത്സരവും ആർ.ടി.എ. എക്സ്‌പോയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിരുന്നു. മൂന്ന് ഘട്ടങ്ങളിലായാണ് മത്സരം. ആദ്യഘട്ട വിജയികൾക്ക് പൊതുഗതാഗതദിനത്തിൽ സമ്മാനംനൽകും.ദുബായ് കൾച്ചർ ആൻഡ് ആർട്ട് അതോറിറ്റിയുമായി സഹകരിച്ചാണ് ആർ.ടി.എ. പരിപാടികൾ ആസൂത്രണം ചെയ്തിരിക്കുന്നത്.
അതോറിറ്റി ചെയർവുമൺ ശൈഖ ലത്തീഫ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തുമിനോടുള്ള നന്ദി അറിയിക്കുന്നതായി ആർ.ടി.എ. ഡയറക്ടർ ജനറൽ മതാർ മുഹമ്മദ് അൽ തയർ പറഞ്ഞു.