ദുബായ് : ലോകത്തിലെ ഏറ്റവുംവലിയ പൂന്തോട്ടമായ ദുബായ് മിറാക്കിൾ ഗാർഡൻ ഇന്ന് മുതൽ സന്ദർശകരെ സ്വീകരിച്ചു തുടങ്ങി. കർശന ആരോഗ്യസുരക്ഷാ മാനദണ്ഡങ്ങളോടെയാണ് പാർക്ക് തുറന്നത്. ഗൾഫ് മേഖലയിൽ ഇതുവരെ കണ്ടിട്ടില്ലാത്ത 120 ഇനങ്ങളിലുള്ള 15 കോടിയിലേറെ പൂക്കളാണ് ഇത്തവണ സൗരഭ്യം പരത്തുന്നത് . ദുബായ് ലാൻഡിന്റെ ഹൃദയഭാഗത്ത് 72,000 ചതുരശ്രമീറ്റർ വിസ്തൃതിയിലാണ് പാർക്ക് വ്യാപിച്ചുകിടക്കുന്നത്. പ്രവൃത്തിദിനങ്ങളിൽ രാവിലെ ഒമ്പതുമുതൽ രാത്രി ഒമ്പതുവരെയും വെള്ളി, ശനി മറ്റ് പൊതു അവധിദിനങ്ങളിലും രാവിലെ ഒമ്പതുമുതൽ രാത്രി 11 വരെയും പാർക്ക് തുറന്നിരിക്കും. മൂന്നുവയസ്സിന് താഴെയുള്ളവർക്കും നിശ്ചയദാർഢ്യക്കാർക്കും പ്രവേശനം സൗജന്യമാണ്.