ദുബായ്: ഏറ്റവുംകൂടുതൽപേർ വന്നെത്തുന്ന മഹാമേളയായിരിക്കും ദുബായ് എക്സ്‌പോ 2020 എന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ. എക്സ്‌പോയിലെ ഇന്ത്യാ പവിലിയൻ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാംസ്കാരിക വൈവിധ്യവും സമ്പദ് വ്യവസ്ഥയിലും സാങ്കേതിക മേഖലയിലും നടത്തിക്കൊണ്ടിരിക്കുന്ന കുതിച്ചുചാട്ടം പ്രതിഫലിപ്പിക്കുന്ന പവിലിയനാണ് ഇന്ത്യയുടേത്. യുവാക്കൾക്ക് കൂടുതൽ തൊഴിൽസാധ്യതകൾ തുറന്നുകാട്ടുന്ന തരത്തിൽ പുതിയ ഇന്ത്യയുടെ സൃഷ്ടിയാണ് കാണാനായത്. ലോകത്തിനുമുന്നിൽ ഒരു സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുന്നതിന്റെ സൂചനകൾ പവിലിയനിൽ എത്തുന്ന ഏതൊരാൾക്കും കണ്ടെത്താനാവും. ഓരോ ഇന്ത്യക്കാരനും അവന്റെ നാടിനെക്കുറിച്ച് അഭിമാനമുണ്ടാകുന്ന നാടിന്റെ സാംസ്കാരിക വൈവിധ്യത്തെക്കുറിച്ച് സന്തോഷം തോന്നുന്ന ദൃശ്യമാണ് കാണാനായതെന്നും മന്ത്രി വ്യക്തമാക്കി. ദുബായ് ഇന്ത്യൻ കോൺസൽ ജനറൽ ഡോ.അമൻ പുരി, മറ്റ് കോൺസുലേറ്റ് ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചിരുന്നു. യു.എ.ഇ. പവിലിയൻ, സെനഗൽ പവിലിയൻ, ഗാംബിയ പവിലിയൻ എന്നിവയും അദ്ദേഹം സന്ദർശിച്ചു.