യുഎഇ: യുഎഇയുടെ ദേശീയ റെയിൽ നെറ്റ്വർക്കിെൻറ ഭാഗമായ രാജ്യത്തെ ആദ്യ സമുദ്ര റെയിൽപാല നിർമാണം പാതി പിന്നിട്ടു. നിർമാതാക്കളായ ഇത്തിഹാദ് റെയിൽ വിഭാഗമാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഖലീഫ തുറമുഖത്തെ യു.എ.ഇ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന പാലത്തിന് ഒരു കിലോമീറ്ററിലധികം നീളമുണ്ട്.മേഖലയിലെ ചരക്ക് ഗതാഗതം മെച്ചപ്പെടുത്തുന്നതിനും ചരക്ക്, വ്യാപാര ചെലവുകൾ കുറക്കുന്നതിനും പാലം യാഥാർഥ്യമാകുന്നതോടെ സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. രാജ്യത്തുടനീളമുള്ള നിർമാണ കേന്ദ്രങ്ങളുമായും പാർപ്പിട പ്രദേശങ്ങളുമായും പ്രധാന തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള റെയിൽ ശൃംഖലക്ക് സമുദ്ര റെയിൽപാലം മുതൽക്കൂട്ടാവും. ട്രക്കുകളുടെ ഉപയോഗം കുറക്കാൻ കഴിയുന്നതിലൂടെ പരിസ്ഥിതിക്കും ഏറെ ഗുണം ചെയ്യുന്നതാണ് പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി. കടൽപാലം നിലവിലുള്ള റോഡ് പാലത്തിന് സമാന്തരമായാണ് നിർമിക്കുന്നത്.