അബുദാബി: എം.ടി മലയാളത്തിലെ വെറുമൊരു ചെറുകഥാ കൃത്തോ  നോവലിസ്റ്റോ അല്ലെന്നും മലയാളത്തിൽ താരപദവിയുള്ള എഴുത്തുകാരുടെ ഗണം എം .ടി യുടെ മരണത്തോടെ  അസ്തമിച്ചുവെന്നും
പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റ് എം എം നാരായണൻ പറഞ്ഞു.
കേരള ചരിത്രത്തിലും സാഹിത്യത്തിൻറെ ചരിത്രത്തിലും ഒരു സംക്രമണ കാലത്തെയാണ് എം .ടി പ്രതിനിധീകരിച്ചത് എന്നും അദ്ദേഹം വ്യക്തമാക്കി.അബുദാബിയിൽ കേരള സോഷ്യൽ സെന്ററും  ശക്തി തീയറ്റേഴ്‌സും മലയാളം മിഷനും സംയുക്തമായി നടത്തിയ  എം.ടി അനുസ്മരണത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചരിത്രം  എന്ന ഘോഷ യാത്രയുടെ തെരുവോരത്തു ഒതുങ്ങി നിൽക്കുന്നവരെ എം .ടി സാഹിത്യത്തിലേക്ക് കൊണ്ടുവന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  കേരള  സെന്റര് പ്രസിഡന്റ് എ കെ ബീരാൻ കുട്ടി അധ്യക്ഷത വഹിച്ചു .എം .ടി യുടെ ജീവിതത്തെയും സാഹിത്യ ലോകത്തെയും സിനിമാലോകത്തെയും  ആധാരമാക്കി കേരള സോഷ്യൽ സെന്റർ  സാഹിത്യ വിഭാഗം സെക്രട്ടറി ഷെരീഫ് മാന്നാർ  തയാറാക്കിയ ഡോക്യൂമെന്ററി പ്രദർശിപ്പിച്ചു.പ്രൊഫ. എം എം നാരായണന്  സെന്റര് ജനറൽ സെക്രട്ടറി  നൗഷാദ് യൂസഫ് ഉപഹാരം  നൽകി. മലയാളം മിഷൻ ഭാഷാ മയൂരം അവാർഡ് ജേതാവ് കെ എൽ ഗോപി,.കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിഡന്റ് മീരാബായ്,  ബാല സാഹിത്യകാരൻ ജിനൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജിനൻ  എഴുതിയ മൂന്ന്  പുസ്തകങ്ങൾ സെന്റര് ലൈബ്രേറിയൻ ധനേഷ് കുമാർ  ലൈബ്രറിക്ക് വേണ്ടി ഏറ്റുവാങ്ങി .മലയാളം മിഷൻ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം നാരായണൻ  നിർവഹിച്ചു .ഷാ പുതിയിരുത്തി എഴുതിയ കവിതാ സമാഹാരം “ആശാ മരത്തിലെ ചില്ലകൾ “എന്ന പുസ്തകം കെ.ൽ ഗോപിക്ക് നൽകി എം. എം നാരായണൻ പ്രകാശനം ചെയ്തു.ശക്തി തിയറ്റേഴ്‌സ് അബുദാബി ജനറൽ സെക്രട്ടറി എ എൽ സിയാദ്  സ്വാഗതവും   അബുദാബി മലയാളം മിഷൻ സെക്രട്ടറി ബിജിത് കുമാർ  നന്ദിയും പറഞ്ഞു.
                                










