ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 18ആയി ഉയര്‍ന്നു.
ഇവരില്‍ അഞ്ചു പേര്‍ കുട്ടികളാണ്. മരിച്ചവരില്‍ ഒമ്പത് സ്ത്രീകളുമുണ്ട്. 50ലധികം പേര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. കുംഭമേളയ്ക്കായി പ്രയാഗ് രാജിലേക്ക് പോവുന്നതിനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതാണ് അപടകമുണ്ടാവാന്‍ കാരണം. പ്ലാറ്റ് ഫോം നമ്പര്‍ അവസാന നിമിഷം മാറ്റിയതാണ് ദുരന്തത്തിന് കാരണമെന്ന് യാത്രക്കാര്‍ പറഞ്ഞു.
പ്രയാഗ് രാജിലേക്ക് പോകുന്നതിനായി ന്യൂഡല്‍ഹി റെയില്‍വെ സ്റ്റേഷനില്‍ നിന്ന് മൂന്ന് ട്രെയിനുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ചിലത് വൈകിയതും ട്രാക്ക് മാറിയെത്തുകയും ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സ്റ്റേഷനിലെ 14,15 പ്ലാറ്റ്‌ഫോമിലേക്ക് ആളുകള്‍ കൂട്ടത്തോടെ എത്തുകയായിരുന്നു. ഇന്നലെ രാത്രി പത്തോടെ ആയിരുന്നു സംഭവം. പരിക്കേറ്റവരെ ഡല്‍ഹിയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ അനുശോചനമറിയിച്ചു. കേന്ദ്ര റെയില്‍വേ മന്ത്രാലയം ഉന്നതല അന്വേഷണം പ്രഖ്യാപിച്ചു.