ദുബായ്: ദുബായ് അന്തർദേശിയ വിമാനത്താവളം, ദുബായ് വേൾഡ് സെൻട്രൽ – അൽ മക്തൂം ഇന്റർനാഷണൽ വിമാനത്താവളം എന്നിവയിൽ ഡി ടി സി നൽകുന്ന ടാക്സി സേവനം തുടരും.
ഇതിന്റെ ഭാഗമായുള്ള അഞ്ച് വർഷത്തെ പങ്കാളിത്ത കരാറിൽ ദുബായ് ടാക്സി കമ്പനിയും ദുബായ് എയർപോർട്ടുകളും ഒപ്പുവച്ചു. ദുബായ് ടാക്സി കമ്പനി സിഇഒ മൻസൂർ അൽഫാലസിയും ദുബായ് എയർപോർട്ട്സ് സിഇഒ പോൾ ഗ്രിഫിത്ത്സും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കരാറിൽ ഒപ്പുവച്ചു.
ദുബായ് വിമാനത്താവളങ്ങളിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് ഡി ടി സി യല്ലാതെ മറ്റൊരു കമ്പനിയുടെയും ടാക്സി സേവനം ഉപയോഗിക്കാൻ സാധിക്കില്ല. എന്നാൽ വിമാനത്താവളങ്ങളിലേക്ക് വരുന്ന യാത്രികർക്ക് മറ്റ് നിയമാനുസൃത കമ്പനികളുടെ ടാക്സികൾ ഉപയോഗിക്കാം.2024-ൽ രണ്ട് വിമാനത്താവളങ്ങളിലുമായി 93 ദശലക്ഷം അതിഥികൾക്ക് ഡി ടി സി സേവനം നൽകി. കഴിഞ്ഞ വർഷം 6 ദശലക്ഷം ലിമോസിൻ, ടാക്സി യാത്രകൾ ഉണ്ടായി. വിമാനത്താവളങ്ങളിൽ നിന്നുള്ള ടാക്സി, ലിമോസിൻ വാർഷിക യാത്രകൾ 2029 ആകുമ്പോഴേക്കും 8 ദശലക്ഷത്തിലധികമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അഞ്ച് വർഷം കൊണ്ട് വരുമാനം 2.5 ബില്യൺ ദിർഹമാവുമെന്നാണ് കണക്കുകൂട്ടൽ.1997-ൽ 100 ടാക്സികൾ മാത്രം ഉള്ളപ്പോൾ മുതൽ ഡി ടി സി ദുബായ് എയർപോർട്ട്സുമായുള്ള ദീർഘകാല പങ്കാളിത്തം ആരംഭിച്ചിരുന്നു. ഇന്ന്, കുടുംബങ്ങൾക്കും സ്ത്രീകൾക്കും കുട്ടികൾക്കും സേവനം നൽകുന്ന പ്രത്യേക പിങ്ക് ടാക്സികളും നിശ്ചയദാർഢ്യമുള്ള ആളുകൾക്ക് സേവനം നൽകുന്നതിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്ന വാഹനങ്ങളും ഉൾപ്പെടെ ഏകദേശം 900 എയർപോർട്ട് ടാക്സികൾ ഡി ടി സി വാഹന വ്യൂഹത്തിലുണ്ട്.അതോടൊപ്പം
പ്രീമിയം ഗതാഗത സേവനങ്ങൾ നൽകുന്ന ഏകദേശം 500 പ്രീമിയം ലിമോസിനുകളും കമ്പനിയുടെ വ്യൂഹത്തിലുണ്ട്. ദുബായ് എയർപോർട്ടുകളിലെ ടാക്സി, ലിമോസിൻ സേവനങ്ങൾ ഉപയോക്തൃ സൗഹൃദ ആപ്പുകൾ വഴി ലഭ്യമാവും. യാത്രക്കാർക്ക് എളുപ്പത്തിലും വേഗത്തിലും ടാക്സികൾ ബുക്ക് ചെയ്യാനും കാർഡുകൾ ഉപയോഗിച്ച് പണം നൽകാനും സാധിക്കും. ഡിടിസിയുടെ നിയന്ത്രണ കേന്ദ്രം സാദാ സമയവും വാഹനങ്ങൾ നിരീക്ഷിക്കുകയും ചെയ്യും. ‘രണ്ട് പതിറ്റാണ്ടിലേറെയായി ദുബായ് വിമാനത്താവളങ്ങളിൽ ടാക്സി സേവനങ്ങളുടെ എക്‌സ്‌ക്ലൂസീവ് ദാതാവ് എന്ന നിലയിൽ, എല്ലാ യാത്രക്കാർക്കും ഏറ്റവും മികച്ച സേവനം നൽകാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നുംഡിടിസിയുടെ സിഇഒ മൻസൂർ അൽഫാലസി പറഞ്ഞു.
ദുബായ് സാമ്പത്തിക അജണ്ട ഡി 33 ന്റെ ലക്ഷ്യങ്ങളെ പിന്തുണയ്ക്കുക എന്നതാണ് ഡി ടി സി ചെയ്യുന്നതെന്നും അർപ്പണ മനോഭാവത്തോടെയുള്ള ഇത്തരം പ്രവർത്തനങ്ങൾ
ബിസിനസ്സിനും ടൂറിസത്തിനുമുള്ള ഒരു പ്രധാന ആഗോള കേന്ദ്രമെന്ന നിലയിൽ ദുബായിയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.