ദുബൈ: ദുബൈ സുന്നി സെന്റര്‍ പ്രസിഡന്റായി സമസ്ത കേന്ദ്ര മുശാവറ അംഗം അബ്ദുല്‍ സലാം ബാഖവിയെ തെരഞ്ഞെടുത്തു. സയ്യിദ് ഹാമിദ് കോയമ്മ തങ്ങളുടെ നിര്യാണം മൂലം ഒഴിവു വന്ന സ്ഥാനത്തേക്കാണ് ഞായറാഴ്ച ചേര്‍ന്ന സുന്നി സെന്റര്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അബ്ദുല്‍ സലാം ബാഖവിയെ തെരഞ്ഞെടുത്തത്. നിലവില്‍ വൈസ് പ്രസിഡന്റായിരുന്നു.
യുഎഇ സുന്നി കൗണ്‍സില്‍ സീനിയര്‍ വൈസ് പ്രസിഡണ്ട്, സമസ്ത തൃശൂര്‍ ജില്ലാ സീനിയര്‍ വൈസ് പ്രസിഡണ്ട്, ‘ഗള്‍ഫ് സത്യധാര’ മാഗസിന്‍ ചീഫ് എഡിറ്റര്‍ എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്ന അബ്ദുല്‍ സലാം ബാഖവി, കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ കാലമായി യുഎഇയിലെ സുന്നി പ്രാസ്ഥാനിക രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. ‘അല്‍ മസ്‌ലകുസ്സദീദ് ഇലാ ഹഖീഖത്തി തൗഹീദ്’, ‘സ്വഹീഹുല്‍ ബുഖാരി’യിലെ ‘കിതാബുല്‍ വഹ്‌യു’മായി ബന്ധപ്പെട്ട് രചിച്ച ‘മിനനുല്‍ ബാരി’ എന്നിവ കൃതികളാണ്.
തമിഴ്‌നാട്ടിലെ വെല്ലൂരിലെ ബാഖിയാത്തുസ്സ്വാലിഹാത് കോളജില്‍ നിന്ന് ബാഖവി ബിരുദത്തിന് പുറമെ, അലിഗഢ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തിയോളജിയില്‍ മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്.
ദുബൈ സുന്നി സെന്ററിന്റെ പുതിയ വൈസ് പ്രസിഡണ്ടായി സൂപ്പി ഹാജി കടവത്തൂരിനെ തെരഞ്ഞെടുത്തു. അബ്ദുല്‍ ജലീല്‍ ഹാജി ഒറ്റപ്പാലം, കെ.വി ഇസ്മായില്‍ ഹാജി, ജമാല്‍ മഞ്ചേരി, അബ്ദുന്നാസര്‍ മൗലവി, ഹുസൈന്‍ ദാരിമി, യൂസുഫ് ഹാജി കല്ലേരി പ്രസംഗിച്ചു. ഷൗക്കത്ത് അലി ഹുദവി സ്വാഗതവും മിദ്‌ലാജ് റഹ്മാനി നന്ദിയും പറഞ്ഞു