ഷാർജ: സർഗാത്മകതയിലൂടെ അറിവിന്റെ പുതിയ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ചുയർത്താനായി ഷാർജയിൽ കുട്ടികളുടെ വായനോത്സവത്തിന് തുടക്കമായി. ഷാർജ ബുക്ക് അതോറിറ്റി (എസ്ബിഎ) സംഘടിപ്പിക്കുന്ന 16 – മത് വായനോത്സവം എക്സ്പോ സെന്ററിലാണ് ബുധനാഴ്ച തുടക്കമായത്. ഷാർജ ഭരണാധികാരി ഡോ :ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ചിൽഡ്രൻസ് റീഡിംഗ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്‌തു.ഡൈവ് ഇൻ ടു ബുക്ക്സ് എന്നതാണ് ഈ വർഷത്തെ കുട്ടികളുടെ വായനോത്സവത്തിന്റെ പ്രമേയം. ശിൽപശാലകൾ, വിജ്ഞാന സമ്പന്നമായ ഒട്ടേറെ സാംസ്‌കാരിക – വിനോദ പരിപാടികൾ, ഗെയിമുകൾ, ലോകപ്രസിദ്ധരായ എഴുത്തുകാരുമായി കുട്ടികൾക്ക് സംവദിക്കാനുള്ള അവസരങ്ങൾ, ശാസ്ത്ര വിസ്മയങ്ങൾ, ലോകോത്തര ചിത്ര പ്രദർശനങ്ങൾ എന്നിങ്ങനെ വായനയുടെ അനുബന്ധ പരിപാടികളും മേളയിലൊരുക്കിയിട്ടുണ്ട്. രുചിവൈഭവങ്ങളുടെ കഥപറയുന്ന കുക്കറി ഷോ കുട്ടികൾക്കുമാത്രമല്ല മുതിർന്നവർക്കും വേറിട്ട അനുഭവമായിരിക്കും. കുട്ടികൾക്കുള്ള നോവലുകൾ, ശാസ്ത്ര കൃതികൾ, കഥാ – കവിതകൾ ഉൾപ്പെടെ വിൽപ്പനയിൽ മികച്ചുനിന്ന പുസ്‌തകങ്ങൾ ഷാർജ മേളയിൽ പ്രദർശിപ്പിക്കുന്നു. ഇന്ത്യയിൽ നിന്നും വരുൺ ദുഗ്ഗിരാള, ലാവണ്യ കാർത്തിക്, സമീന മിശ്ര, ആരതി ഖട്ട്വാനി ഭാട്യ, അമൃത ഗാന്ധി തുടങ്ങിയവരും മേളയിൽ അതിഥികളാവും. എസ്ബിഎ യുടെ പ്രധാന പുരസ്‌കാരങ്ങളായ ഷാർജ ചിൽഡ്രൻസ് ബുക്ക് അവാർഡ്, ബുക്ക്സ് ഫോർ വിഷ്വലി ഇംപയെർഡ് ചിൽഡ്രൻ അവാർഡ്, ഷാർജ ഓഡിയോബുക്ക് അവാർഡ് തുടങ്ങിയവയും സമ്മാനിക്കും. ബാലസാഹിത്യങ്ങളും സർഗാത്മകതയും പ്രോത്സാഹിപ്പിക്കുകയെന്നതാണ് പുരസ്‌കാരങ്ങളുടെ ലക്‌ഷ്യം. മേള മേയ് നാലിന് സമാപിക്കും.
കഥപറയുന്ന ചിത്രങ്ങളുടെ ലോകം
ഷാർജയിലെ കുട്ടികളുടെ വായനോത്സവത്തിന്റെ ആകർഷണങ്ങളിൽ പ്രധാനമാണ് ചരിത്രവും സംസ്‌കാരവും കുഞ്ഞുകഥകളും പറയുന്ന നൂറുകണക്കിന് ചിത്രങ്ങൾ. ചെറിയ ആശയങ്ങളിലൂടെ വലിയ കാര്യങ്ങൾ ലോകത്തെ അറിയിക്കുന്ന ചിത്രപ്രദർശനം ആസ്വദിക്കാനായി ആദ്യദിവസംതന്നെ ഒട്ടേറെപ്പേരാണ് എത്തിച്ചേർന്നത്. പെൻസിൽവരകളിൽ എണ്ണച്ചായങ്ങൾ ചേർത്താണ് കൂടുതൽ ചിത്രങ്ങളുമൊരുക്കിയത്. ലോകോത്തര ചിത്രകാരന്മാരായ അഗ്നേ ക്നനായതെന, അൽജിൻഡ്രോ ഗലിൻഡോ , അലൈസ്ഗാർ ബാഗർസാദാ മറ്റാക്, ഹാനി സാലിഹ്, ലൗറ മിർസ തുടങ്ങിയവരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ലോകത്തിലെ വിവിധ സംസ്‌കാരങ്ങൾ, ചരിത്രത്തിൽ നിറഞ്ഞുനിൽക്കുന്ന ഭരണാധികാരികൾ, പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത എന്നിവയെല്ലാം ചിത്രങ്ങൾക്ക് ആശയമായി അവതരിപ്പിച്ചിട്ടുണ്ട്. അറബ് സംസ്‌കാരം , ഭൂപ്രകൃതി, അറബികളുടെ പ്രാചീനജീവിതരീതി, ഉപജീവനം എന്നിവയും വിവിധ ചിത്രങ്ങളിൽ പ്രതിപാദിച്ചിരിക്കുന്നു. ലോകത്തിലെ സൗന്ദര്യമുള്ള നഗരങ്ങളുടെ ചിത്രങ്ങളും വർണഭംഗികളിൽ മേളയിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. നിർമിതബുദ്ധിയുടെ കാലം ഓർമിപ്പിക്കുന്ന നൂതന സാങ്കേതികതയും ചിത്രങ്ങൾക്ക് വിഷയമായിട്ടുണ്ട്.