ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ 16 മാസത്തിനിടെ 86 ദശലക്ഷത്തിലധികം യാത്രക്കാർ ഒരു പരാതിക്ക് പോലും ഇടം നൽകാതെ കടന്നുപോയതായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ്
ഐഡൻ്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് മേധാവി ലഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി അറിയിച്ചു. കഴിഞ്ഞ വർഷവും ഈ വർഷത്തെ ആദ്യ നാല് മാസവും ഉൾപ്പെടെയുള്ള കണക്കാണിത്.ദുബായിൽ നടന്ന എയർപോർട്ട് ഷോയുടെ, എയർപോർട്ട് ലീഡേഴ്സ് ഗ്ലോബൽ ഫോറത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.ഇതേ കാലയളവിൽ 33.8 ദശലക്ഷം യാത്രക്കാർ (മൊത്തം യാത്രക്കാരുടെ 39.2%) സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ചെന്നും അദ്ദേഹം പറഞ്ഞു. ദുബായ് വിമാനത്താവളങ്ങളുടെ ഈ വിജയം വിവിധ വകുപ്പുകളുടെയും ഏജൻസികളുടെയും കൂട്ടായ പരിശ്രമത്തിൻ്റെ ഫലമാണ്. എമിറേറ്റിലെത്തുന്ന സന്ദർശകരെ സ്വന്തം വീട്ടിലെ അതിഥികളെപ്പോലെയാണ് ഇവർ സ്വീകരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ദുബായ് ലോകത്തിൻ്റെ ലക്ഷ്യസ്ഥാനമായിരിക്കണം എന്ന ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ പ്രഖ്യാപനം തങ്ങളുടെ കഠിനാധ്വാനത്തിനും ആത്മാർത്ഥതയ്ക്കും പ്രചോദനമായെന്ന് ലഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി പറഞ്ഞു. ദുബായ് വിമാനത്താവളങ്ങളിലൂടെയെത്തുന്ന യാത്രക്കാർക്ക് മികച്ച അനുഭവം നൽകാനും അവരെ യാത്രയാക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണ്.
“മികവിനോടുള്ള പ്രതിബദ്ധതയും വ്യോമയാന ഭാവിക്കായുള്ള ഒരു മുൻകൈ സമീപനവും” എന്ന വിഷയത്തിൽ നടന്ന ഫോറത്തിലെ മുഖ്യ പ്രഭാഷണത്തിൽ, യാത്രാ രേഖകളില്ലാത്ത ഒരു യാത്രാ രീതിയിലേക്ക് ഭാവി മാറുമെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അതിനാൽ എല്ലാ പങ്കാളികളുമായി സഹകരിച്ച് അതിനായുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. മുൻപ് പാസ്പോർട്ട് ഓഫീസർമാർ നേരിട്ടാണ് പരിശോധന നടത്തിയിരുന്നത്. എന്നാൽ ഇന്ന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് ഉപയോഗിച്ചാണ് ഈ പ്രക്രിയ നിയന്ത്രിക്കുന്നത്. എല്ലാ പാസ്പോർട്ടുകളും പ്രോഗ്രാം ചെയ്യുകയും സ്വയം പരിശോധിക്കുകയും ചെയ്യുന്നു.
വിമാനത്താവളങ്ങളുടെ കാര്യം പറയുമ്പോൾ പാസ്പോർട്ട് വിഭാഗം, പോലീസ്, കസ്റ്റംസ് തുടങ്ങിയ ഏതെങ്കിലും ഒരു പ്രത്യേക വിഭാഗത്തെ മാത്രം പരാമർശിക്കാൻ കഴിയില്ല. എല്ലാവരും ഒരേ കുടക്കീഴിൽ ഒരു ടീമായി പ്രവർത്തിക്കുന്നു. ഒരേ ഭാഷ സംസാരിക്കുകയും ഒരേ തന്ത്രപരമായ പദ്ധതി നടപ്പാക്കുകയും ചെയ്യുന്നു. ഈ വിജയം ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രമായി അവകാശപ്പെടാൻ കഴിയില്ല, എല്ലാവരും ഇതിൽ പങ്കാളികളാണ്. ദുബായ് വിമാനത്താവളങ്ങളെ മറ്റ് വിമാനത്താവളങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നതും ഇതുതന്നെയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
പാസ്പോർട്ട് വിഭാഗത്തിൻ്റെ പ്രവർത്തനത്തെക്കുറിച്ച് സംസാരിച്ച അദ്ദേഹം, അവരുടെ പ്രവർത്തനം മികച്ചതും ശ്രദ്ധേയവുമാണെന്ന് അഭിപ്രായപ്പെട്ടു. 2024 ൽ 63.376 ദശലക്ഷം യാത്രക്കാരെ അവർ കൈകാര്യം ചെയ്തു. അതിൽ 25 ദശലക്ഷം യാത്രക്കാർ സ്മാർട്ട് ഗേറ്റുകളിലൂടെ എളുപ്പത്തിൽ കടന്നുപോയി. ഈ വർഷം ഏപ്രിൽ അവസാനം വരെ 22.785 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്തു. അതിൽ 8.8 ദശലക്ഷം പേർ സ്മാർട്ട് ഗേറ്റുകൾ ഉപയോഗിച്ചു. അങ്ങനെ 16 മാസത്തിനിടെ ഏകദേശം 86.161 ദശലക്ഷം യാത്രക്കാർ ഒരു പരാതി പോലും നൽകാതെ കടന്നുപോയി. ഇത് ദുബായ് വിമാനത്താവളത്തിലെ ജീവനക്കാരുടെയും പ്രത്യേകിച്ച് പാസ്പോർട്ട് ഉദ്യോഗസ്ഥരുടെയും അർപ്പണബോധം എടുത്തു കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജി ഡി ആർ എഫ് എ ദുബൈ ഇന്നത്തെക്കുറിച്ച് മാത്രമല്ല ചിന്തിക്കുന്നത്, അടുത്ത അഞ്ച് വർഷത്തേക്കുള്ള കാഴ്ചപ്പാടുകളുണ്ട്. വ്യോമയാനത്തിൻ്റെ ഭാവി, പുതിയ സാങ്കേതികവിദ്യകൾ എന്നിവയെക്കുറിച്ച് പഠനം നടത്തുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ ഉപയോഗം വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും, മനുഷ്യ വിഭവശേഷിയുടെ പങ്ക് വളരെ പ്രധാനമാണ്. ഏതെങ്കിലും പാസ്പോർട്ടിൽ സംശയം തോന്നിയാൽ, അത് യാന്ത്രികമായി പാസ്പോർട്ട് വ്യാജരേഖ വിദഗ്ദ്ധന് കൈമാറും. അദ്ദേഹം പാസ്പോർട്ടിൻ്റെ ആധികാരികത ഉറപ്പാക്കും. ഇത് മുൻപ് സാധ്യമായിരുന്നില്ല. ഈ രംഗത്തുണ്ടായ വളർച്ചയാണിത്.ലോകത്തിലെ വിമാനത്താവളങ്ങൾക്ക് ഉയർന്ന സുരക്ഷാ പരിശോധനാ നിലവാരം ആവശ്യമാണ്. എന്നാൽ ദുബായ് വിമാനത്താവളങ്ങളെ വ്യത്യസ്തമാക്കുന്നത് മികച്ച സുരക്ഷയും എളുപ്പവും ലളിതവുമായ സേവനങ്ങളുമാണ്. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി അഭിപ്രായങ്ങൾ സ്വീകരിക്കാൻ തയ്യാറാണ്. അതുകൊണ്ടാണ് ദുബായ് വിമാനത്താവളങ്ങൾ മുൻപന്തിയിൽ നിൽക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.യാത്ര ചെയ്യുമ്പോൾ കുട്ടികളുമായി വരുന്ന അമ്മമാർക്കും പ്രായമായവർക്കും നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ദുബായ് പാസ്പോർട്ട് വിഭാഗം മുൻഗണന നൽകുന്നു. കുട്ടികൾക്കായി ലോകത്തിലെ ആദ്യത്തെ പാസ്പോർട്ട് കൗണ്ടർ സ്ഥാപിച്ചിട്ടുണ്ട്. അതിൻ്റെ ലക്ഷ്യമെന്താണെന്ന് ചോദിക്കുന്നവരുണ്ട്. ഒരു കുട്ടിയുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി മതി ഞങ്ങൾക്ക് എന്നായിരുന്നു അദ്ദേഹത്തിൻ്റെ മറുപടി.ഈ മേഖലയുടെ ഭാവി സുഗമമായ യാത്രയാണ്. ഞങ്ങൾ അതിനായുള്ള നിരന്തരമായ പരിശ്രമത്തിലാണ്. സ്മാർട്ട് ഗേറ്റുകൾ ഈ വിജയത്തിൻ്റെ ഭാഗമാണ്. ഞങ്ങൾ നേടിയതിൽ അഭിമാനമുണ്ട്. എല്ലാ വെല്ലുവിളികളെയും നേരിടാൻ തയ്യാറാണെന്നും ലഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി കൂട്ടിച്ചേർത്തു.
ദുബൈ എയർപോർട്ടിലെ സ്മാർട്ട് യാത്രാ സംവിധാനം അതിവേഗമാണ് ഉള്ളത് ഇപ്പോൾ .ഇപ്പോൾ തന്നെ ഒരേ സമയം പത്ത് യാത്രക്കാർക്ക് എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാൻ കഴിയുന്ന സംവിധാനങ്ങൾ ഒരുങ്ങി കഴിഞ്ഞുവെന്ന് ലഫ്റ്റനൻ്റ് ജനറൽ മുഹമ്മദ് അഹമ്മദ് അൽ മറി പറഞ്ഞു .ഈ സംവിധാനത്തിൻ്റെ കാര്യക്ഷമതയും വേഗതയും അദ്ദേഹം എടുത്തുപറഞ്ഞു.ഭരണകൂടത്തിൻ്റെ ലക്ഷ്യങ്ങൾ വർത്തമാനകാലത്തിനപ്പുറം വ്യാപിച്ചു കിടക്കുന്നു. യാത്രാ, സ്മാർട്ട് സേവന മേഖലകളിൽ കൂടുതൽ നൂതനവും വേഗതയേറിയതുമായ ഒരു ഭാവി ലക്ഷ്യമിട്ട് അടുത്ത അഞ്ച് വർഷത്തേക്കുള്ള തയ്യാറെടുപ്പിലാണ് അധികൃതർ.വരും വർഷങ്ങളിൽ കൂടുതൽ നൂതനമായ സേവനങ്ങൾ ലഭ്യമാക്കാനുള്ള പദ്ധതികളാണ് ജിഡിആർഎഫ്എ-ഡി ലക്ഷ്യമിടുന്നത്