ദുബായ് ആഡംബര ബോട്ടുകളുടെ ആഗോള കേന്ദ്രവും സമുദ്ര വിനോദസഞ്ചാരത്തിന്റെ മുൻനിര സ്ഥാനവുമായാണ് രാജ്യാന്തര ബോട്ട് പ്രദർശനം അടിവരയിടുന്നതെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.
ലോകോത്തര അടിസ്ഥാന സൗകര്യങ്ങളും അത്യാധുനിക സംവിധാനങ്ങളും ഉള്ളതിനാൽ ആഡംബര ബോട്ടുകളും രാജ്യാന്തര ക്രൂയിസ് കപ്പലുകളും സന്ദർശിക്കുന്നതിനുള്ള മുൻഗണനാ തിരഞ്ഞെടുപ്പായി ദുബായ് മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ദുബായ് വേൾഡ് ട്രേഡ് സെന്റർ (ഡിഡബ്ല്യുടിസി) ഹാർബറിൽ സംഘടിപ്പിച്ച ദുബായ് രാജ്യാന്തര ബോട്ട് ഷോയുടെ 31-ാമത് എഡിഷൻ സന്ദർശിക്കുകയായിരുന്നു അദ്ദേഹം.60ലേറെ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന 1,000ലധികം ബ്രാൻഡുകളുടെയും 200ലേറെ ബോട്ടുകളുടെയം വാട്ടർക്രാഫ്റ്റുകളുടെയും പങ്കാളിത്തം നാളെ സമാപിക്കുന്ന ഈ പതിപ്പിന്റെ സവിശേഷതയാണ്. ദുബായ് സ്‌പോർട്‌സ് കൗൺസിൽ ചെയർമാൻ ഷെയ്ഖ് മൻസൂർ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രദർശനത്തിൽ പങ്കെടുക്കുന്ന രാജ്യാന്തര ബ്രാൻഡുകളെയും ആദ്യമായി പ്രദർശിപ്പിക്കുന്നവരെയും ഷെയ്ഖ് മുഹമ്മദ് സ്വാഗതം ചെയ്തു. ദുബായ് ഇക്കണോമി ആൻഡ് ടൂറിസം വകുപ്പ് ഡയറക്ടർ ജനറലും ദുബായ് വേൾഡ് ട്രേഡ് സെൻ്റർ അതോറിറ്റിയുടെ ഡയറക്ടർ ജനറലുമായ ഹിലാൽ സയീദ് അൽ മർറി, ദുബായ് സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി ജനറലും ഡിഐബിഎസ് സീനിയർ അഡ്വൈസറുമായ സയീദ് ഹരേബ് എന്നിവരോടൊപ്പം യുഎഇയിലെ പ്രമുഖ ആഡംബര നൗക നിർമാതാക്കളായ ഗൾഫ് ക്രാഫ്റ്റ് സ്റ്റാൻഡും മറ്റു കേന്ദ്രങ്ങളും സന്ദർശിച്ചു. ദുബായ് ഇന്റർനാഷനൽ ബോട്ട് ഷോ 2025 ആഗോള നാവിക സമൂഹത്തിന് ഏറ്റവും പുതിയതും ആഡംബരപൂർണവുമായ ബോട്ട്, ബോട്ട് ഡിസൈനുകൾ പ്രദർശിപ്പിക്കുന്നതിന് മാത്രമല്ല, ആഡംബര നൗകകളുടെ വിൽപനയും വാങ്ങലും സുഗമമാക്കുന്നതിനും എക്‌സ്‌ക്ലൂസീവ് വാട്ടർഫ്രണ്ട് റിയൽ എസ്റ്റേറ്റ് പ്രോത്സാഹിപ്പിക്കുന്നതിനും വ്യവസായത്തിലെ അത്യാധുനിക പുതുമകൾ ഉയർത്തിക്കാട്ടുന്നതിനും സവിശേഷ പ്ലാറ്റ്‌ഫോം ആയിരിക്കുന്നു.