ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടമായ ബുർജ് ഖലീഫ.. അതിന്റെ പേരിൽ അത്ര തന്നെ ഉയരത്തിൽ വിളിച്ചോതുന്ന അതിന് പിന്നിലെ വ്യക്തിയേയും യു.എ.ഇ. എന്ന രാഷ്ട്രത്തേയും അവിടത്തെ നേതൃനിരമുതൽ സ്വദേശികളും വിദേശികളും ആയ അവിടത്തെ ഓരോ വ്യക്തിയുടേയും സ്വകാര്യ അഹങ്കാരമായി മാറിയ കെട്ടിടം.. ആ പേരിൽ തന്നെ കിടക്കുന്നു അതിനു പിന്നിലെ നേതൃത്വത്തേയും.. ഷെയ്ഖ് ഖലീഫ ബിൻ സായിദ് ആൽ നഹ്യാൻ..യു. എ. ഇ. യുടെ രണ്ടാം പ്രസിഡന്റ് സ്ഥാനം മനോഹരമായി അലങ്കരിച്ച നേതാവ്.
ഒരു നാടിന്റെ വികസനത്തിനായുള്ള ഓരോ ചുവടുവെപ്പ് എങ്ങനെ ആയിരിക്കണം എന്ന മികച്ച മാതൃകകാട്ടി ഊ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു.. ചുട്ടുപൊള്ളുന്ന മണൽതരികളാൽ മൂടപ്പെട്ട തന്റെ രാഷ്ട്രത്തെ ആരും ഒന്ന് എത്തിപ്പെടാൻ ആഗ്രഹിക്കുന്ന ഒരിടമായ് മാറ്റി മറിച്ച ആ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളെ നടപ്പിലാക്കാൻ മുന്നിട്ട് നിന്ന വ്യക്തിത്വം ഇനിയെന്നും ചരിത്രതാളുകളിൽ ആദ്യ ഏടുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നു. അവിടേയും തന്റെ പിതാവും യു.എ.ഇ.യുടെ പിതാവുമായ ഷെയ്ഖ് സായിദ് അൽ നഹ്യാൻ അവരുടെ തൊട്ടടുത്ത് തന്നെ ഇടം നേടിയിരിക്കും. തന്റെ നാടിനായി പിതാവിൽ നിന്നും തുടക്കം കുറിച്ച സ്വപ്നങ്ങൾക്കുള്ള മികച്ച സാക്ഷാത്കാരവുമായി ഒരു തിരിച്ചുപോക്ക്..
ദീർഘവീക്ഷണവും കാര്യക്ഷമയും അതിലേറെ സൗമ്യ വുമായ ഭരണത്തിലൂടെ സ്വന്തം ജനതയുടെ മനസ്സിൽ ഇടം നേടിയ നേതാവിന്റെ ജീവിത ഏടുകളിൽ നിന്നും ഒരു തിരിഞ്ഞു നോട്ടം..
* 1948ൽ ഒമാൻ സുൽത്താനേറ്റിന്റെ അതിർത്തിക്കടുത്തുള്ള അൽ ഐനിലെ ഉൾനാടൻ മരുപ്പച്ചയിലാണ് ഷെയ്ഖ് ഖലീഫ ജനിച്ചത്. യുഎഇ സ്ഥാപകനും ആദ്യ പ്രസിഡന്റുമായ ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ മൂത്ത മകനായിരുന്നു.
*തന്റെ പതിനെട്ടാം വയസ്സിൽ തന്നെ പിതാവിന്റെ രാഷ്ട്രീയ ചുമതലകളിൽ തന്റേതായ പ്രവർത്തനങ്ങളിലൂടെ ജനസേവനം ആരംഭിച്ചു.
*1969ൽ അബുദാബി എമിറേറ്റിന്റെ വരും കാല രാജാവായി പ്രഖ്യാപിച്ചതോടെ കൂടുതൽ കാര്യക്ഷമമായി പ്രവർത്തനത്തിനായി റോയൽ മിലിറ്ററി കോളേജിൽ നിന്ന് വിദ്യനേടി അബുദാബി ഡിഫൻസ് ഡിപ്പാർട്ട്മെന്റിന്റെ ചെയർമാൻ സ്ഥാനം അലങ്കരിച്ചു.
*യു.എ.ഇ. ആർമിഫോർസിന്റെ ഡെപ്യൂട്ടി കമാൻഡറായി 1976ൽ സ്ഥാനം ഏറ്റെടുത്തതിലൂടെ ഇന്നീ കാണുന്ന കരുത്തുറ്റ യു.എ.ഇ.മോഡേൺ മിലിറ്ററിക്ക് മുതൽ കൂട്ടായി.
* 2004നവംബർ 3 മുതൽ തന്റെ പിതാവ് ഷെയ്ഖ് സായിദിന്റെ മരണാനന്തരം അബുദാബിയുടെ ഭരണാധികാരിയായും യു.എ.ഇ.യുടെ പ്രസിഡന്റുമായും തിരഞ്ഞെടുക്കപ്പെട്ടു.
* സ്വദേശിയെന്നോ വിദേശിയെന്നോ വ്യത്യസ്തമില്ലാതെയുള്ള മികച്ച ഭരണമാണ് എല്ലാ മേഖലകളിലും കാഴ്ച വെച്ചു ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചു.