ദുബായ്: 2020 മഹാമാരിയിൽപ്പെട്ട് ആടിയുലഞ്ഞ വർഷത്തിൽ നിന്ന് പുതുവർഷത്തിലേക്ക് പുത്തൻ പ്രതീക്ഷകളുമായി കടന്നിരിക്കുകയാണ്. കഴിഞ്ഞു പോയ വർഷത്തിൽ തങ്ങളുടെ ഗവൺമെന്റിന് താങ്ങും തണലുമായി നിന്ന ഉദ്യോഗസ്ഥർക്ക് നന്ദി അറിയിക്കുകയും ഒപ്പം വരാനിരിക്കുന്ന നല്ല ദിനങ്ങൾക്കുള്ള ഭാവുകങ്ങളും ആശംസിച്ച് കൊണ്ടുള്ള കത്ത് പുതുവത്സര സമ്മാനമായ് നൽകിക്കൊണ്ട് ദുബായ് എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ദുബായ് കിരീടാവകാശിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം.
ഒരുപാട് പ്രതീക്ഷകൾ നൽകുന്ന കത്തിന്റെ രൂപം ഒന്ന് കണ്ടാലോ.
“അർപ്പണ ബോധവും കഠിനപ്രയത്നരുമായ എന്റെ പ്രിയപ്പെട്ട ദുബായ് ഗവൺമെന്റ് ടീമംഗങ്ങൾക്ക്…
നിങ്ങൾക്ക് എന്റെ എല്ലാ വിധ ആശംസകളും
ഇന്ന്, ലോകമെമ്പാടും വെല്ലുവിളികൾ നേരിട്ട് വന്ന ഒരു വർഷത്തിന് തിരശീല ഇട്ടിരിക്കുകയാണ്. ദുബായ് ഒരിക്കൽ കൂടി എല്ലാ വിധബുദ്ധിമുട്ടുകളേയും അവസരങ്ങളാക്കിമാറ്റി പ്രതിസന്ധികളെ മറികടന്നിരിക്കുകയാണ്. ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അവരുടെ നേതൃത്വത്തിലുള്ള ഈ ടീമിന്റെ ഒരുമയുടെ വിജയമാണിത്. അതിനായ് പ്രവർത്തിച്ച ഓരോരുത്തർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുകയാണ്. നിങ്ങളുടെ ത്യാഗങ്ങളേയും ദൃഢനിശ്ചയങ്ങളേയും സമർപ്പണങ്ങളേയും പ്രത്യേകം സ്മരിക്കുന്നു.
ആഗതമായിരിക്കുന്ന 2021 വർഷം നമുക്ക് നേട്ടങ്ങൾ നിറഞ്ഞതായിരിക്കട്ടെ എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നമ്മുടെ രാജ്യം അതിന്റെ സുവർണ്ണ ജൂബിലി നിറവിലേക്ക് കടന്നിരിക്കുകയാണ്. ലോകമെമ്പാടുമുള്ള ജനങ്ങൾ ഉറ്റുനോക്കികൊണ്ടിരിക്കുന്ന അസാധാരണമായ എക്സ്പോ ആതിഥേയത്വം വഹിക്കാൻ പോവുകയാണ് ഈ വർഷത്തിൽ നാം. ഇതൊക്കെയും ഈ വർഷത്തിന്റെ പ്രതീക്ഷകൾ നിറക്കുന്നു.
നമ്മുടെ നാടിന്റെ ജനങ്ങൾക്കായ് ഇവിടെ താമസിക്കുന്ന ഓരോരുത്തർക്കുമായ് ദുബായ് ഗവൺമെന്റിന്റെ ഓരോ ഉദ്യോഗസ്ഥർക്കൊപ്പവും പ്രവർത്തിക്കാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു. ഇനിയും നിങ്ങളിൽ ഒരാളായി ഒറ്റക്കെട്ടായി പ്രവർത്തിക്കുന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു.
ആത്മാർത്ഥതയോടെ
ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം”