ഷാർജ: വാഹനമോടിക്കുന്നവർക്ക് അവരുടെ സുരക്ഷ ക്കായ് ഗതാഗത നിയമങ്ങളുടെ ഓർമ്മപ്പെടുത്തലുകളുമായി ഇലക്ട്രിക് ക്യാമ്പയിനുമായി ഷാർജ ട്രാഫിക് പോലീസ് ആന്റ് പാട്രോൾസ് ഡിപ്പാർട്ട്മെന്റ്. “ഞങ്ങളുടെ ലക്ഷ്യം നിങ്ങളുടെ സുരക്ഷ”എന്ന ഇലക്ട്രിക് ക്യാമ്പയിനിന്റെ പ്രധാന ഉദ്ദേശ്യം യാത്രക്കാരുടെ ജീവന് വരെ നഷ്ടപ്പെട്ടേക്കാവുന്ന അപകടങ്ങളിൽ നിന്നും സുരക്ഷനൽകുക എന്നതാണ്.
ജനുവരി അവസാനം വരെ നീണ്ടു നിൽക്കുന്ന ക്യാമ്പയിനിൽ വാഹനമോടിക്കുന്നയാൾക്ക് ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാനുള്ള നിർദേശങ്ങൾ നൽകുന്നു.ശൈത്യ അവധിക്കാലത്തിന് ശേഷം വിദ്യാലയങ്ങൾ ജനുവരി ആദ്യവാരം തുറന്ന സാഹചര്യത്തിൽ ഇത്തരം ബോധവത്കരണ കാമ്പയിൻ വളരെ പ്രാധാന്യം അർഹിക്കുന്നു.
അറബിക്, ഇംഗ്ലീഷ്, ഉറുദു തുടങ്ങിയ മൂന്ന് ഭാഷകളിലായാണ് ക്യാമ്പയിൻ നടത്തിവരുന്നത്. ഒരുപരിധിവരെ വൻഅപകടങ്ങൾ തടയാനാവുന്ന സീറ്റ് ബെൽറ്റ്, സ്പീഡ് എന്നീ കാര്യങ്ങളിൽ പ്രത്യേക ശ്രദ്ധ ചെലുത്താൻ നിർദേശിക്കുന്നു.
സുരക്ഷിതമായ യാത്ര സൗകര്യങ്ങൾക്കുള്ള പുത്തൻ നിർദ്ദേശങ്ങൾക്കായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ്, ഷാർജ ഡിപ്പാർട്ട്മെന്റ് ഓഫ് ടൗൺ പ്ലാനിംഗ് ആൻഡ് സർവേ, ഷാർജ ഇക്കണോമിക് ഡെവലപ്മെന്റ് ഡിപ്പാർട്ട്മെന്റ്, ഷാർജാ മുനിസിപ്പാലിറ്റി, തുടങ്ങിയവയുമായി പങ്കു ചേർന്ന് ഇന്നോവേഷൻ ലാബ് ഇവന്റുകളും നടത്തിയിരുന്നു