ഇത്തിഹാദ് റെയിലുമായി ബന്ധിപ്പിക്കാന്‍ ട്രെയ്ന്‍ സ്റ്റേഷന്‍ നിര്‍മ്മിക്കാനൊരുങ്ങി ഷാര്‍ജ. ഷാര്‍ജ യൂണിവേഴ്‌സിറ്റി സിറ്റിക്ക് സമീപമാണ് റെയില്‍വേ സ്റ്റേഷന്‍ ഒരുങ്ങുന്നത്. യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ നേതൃത്വത്തിലാണ് കരാറില്‍ ഒപ്പുവെച്ചത്. ഇത്തിഹാദ് റെയില്‍ ചെയര്‍മാന്‍ ഷെയ്ഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യനും ഉന്നത ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു.
ഷാര്‍ജ സര്‍വ്വകലാശാലയിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ യാത്ര സുഗമമാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നത്. കൂടാതെ ഷാര്‍ജയിലെ പ്രധാന കേന്ദ്രങ്ങള്‍, താമസകേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്കും വളരെവേഗത്തില്‍ എത്തിച്ചേരാനാകും. ഇത്തിഹാദ് റെയില്‍ ശൃംഖലയുടെ പ്രധാന ട്രാക്ക് ഷാര്‍ജയിലെ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്നത് യാത്രക്കാരുടെ എണ്ണം പ്രതിദിനം 14,000 ആയി ഉയര്‍ത്തുമെന്നാണ് കണക്കുകൂട്ടല്‍.
അല്‍ സില മുതല്‍ ഫുജൈറ വരെ രാജ്യത്തെ പതിനൊന്നു നഗരങ്ങളെയും ബന്ധിപ്പിച്ച് 900 കിലോമീറ്ററിലധികമാണ് ഇത്തിഹാദ് റെയില്‍ ശൃംഖല നീളുന്നത്. അല്‍ റുവൈസ്, അല്‍ മിര്‍ഫ, ഫുജൈറ, ഷാര്‍ജ, അല്‍ ദൈദ്, അബുദാബി, ദുബൈ നഗരങ്ങളെ ഇത്തിഹാദ് റെയില്‍ ബന്ധിപ്പിക്കും, അബുദബിയില്‍നിന്ന് ദുബൈയിലേക്ക് 50 മിനിറ്റ് മാത്രമായി യാത്രാസമയം കുറയും.