ഷാർജ∙ പുസ്തകവിൽപനക്കാരുടെ നാലാമത് ഷാർജ രാജ്യാന്തര സമ്മേളനം ഏപ്രിൽ 7, 8 തീയതികളിൽ ഷാർജ എക്സ്പോ സെന്ററിൽ നടക്കും. ഷാർജ ബുക്ക് അതോറിറ്റി (എസ്ബിഎ) ചെയർപഴ്സൻ ഷെയ്ഖ ബോദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയാണ് ഇക്കാര്യം അറിയിച്ചത്.ആഗോളതലത്തിൽ നടക്കുന്ന ഇത്തരത്തിലുള്ള ആദ്യ പരിപാടിയിൽ 92 രാജ്യങ്ങളിൽ നിന്നുള്ള 575 പ്രമുഖ പുസ്തക വിൽപനക്കാർ, പ്രസാധകർ, വിതരണക്കാർ എന്നിവർ പങ്കെടുക്കും. പ്രധാന വ്യവസായ പ്രശ്നങ്ങൾ ചർച്ച ചെയ്യുക, പങ്കാളിത്തങ്ങൾ ശക്തിപ്പെടുത്തുക, ബിസിനസ് അവസരങ്ങൾ കണ്ടെത്തുക, ഉൾക്കാഴ്ചകൾ കൈമാറുക എന്നിവയാണ് ലക്ഷ്യം. പുസ്തക വിതരണത്തിലെ പുതിയ അവസരങ്ങൾ കണ്ടെത്തുന്നതിനിടയിലും ആഗോള വിപണി വളർച്ചയ്ക്കായി നൂതന തന്ത്രങ്ങൾ വികസിപ്പിക്കാനും സമ്മേളനം ശ്രമിക്കുന്നു. വ്യവസായ വിദഗ്ധർ നയിക്കുന്ന പാനൽ ചർച്ചകൾ, ശിൽപശാലകൾ, മുഖ്യ പ്രഭാഷണങ്ങൾ എന്നിവ സമ്മേളനത്തിന്റെ ഭാഗമായി നടക്കും. താൽപര്യമുള്ളവർക്ക് bookseller.ae/en/home എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യാം.
ആധുനിക സാങ്കേതികവിദ്യ വിപണികളെ കൂടുതൽ അടുപ്പിച്ചിട്ടുണ്ടെങ്കിലും പുസ്തക വിതരണ മേഖല ഇപ്പോഴും വലിയ വെല്ലുവിളികൾ നേരിടുന്നുവെന്ന് എസ്‌ബിഎ സിഇഒ അഹമ്മദ് ബിൻ റക്കാദ് അൽ അംറി പറഞ്ഞു. അതിന്റെ തുടക്കം മുതൽ വിതരണക്കാർ, പ്രസാധകർ, വ്യവസായ നേതാക്കൾ എന്നിവർക്കിടയിൽ ആശയവിനിമയം വളർത്തിയെടുക്കുന്നതിലൂടെയും പ്രായോഗിക പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെയും ഈ വെല്ലുവിളികളെ നേരിടാൻ സമ്മേളനം ശ്രമിക്കുന്നു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ ദർശനവും ഷെയ്ഖ ബോദൂർ ബിൻത് സുൽത്താൻ അൽ ഖാസിമിയുടെ നേതൃത്വവുമാണ് പരിപാടിയുടെ പ്രത്യേകത