ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച ഗ്രാൻഡ് ഇഫ്താർ സംഗമം വൻ ജനപങ്കാളിത്തത്തോടെ ശ്രദ്ധേയമായി. സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നായി, നാനാ മതവിഭാഗങ്ങളിൽ നിന്നുമുള്ള എണ്ണായിരത്തോളം ആളുകളാണ് ഇത്തവണ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് പങ്കാളിത്തത്തിൽ വലിയ വർദ്ധനവാണ് ഇത്തവണ ഉണ്ടായതെന്ന് അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. ഷാർജ രാജകുടുംബത്തിനെ പ്രതിനിധീകരിച്ച് ഷെയ്ക്ക് മാജിദ് ബിൻ സക്കർ ബിൻ ഹമദ് അൽ ഖാസിമിയും, ഇന്ത്യൻ നയതന്ത്ര കാര്യാലയത്തെ പ്രതിനിധീകരിച്ച് ദുബായ് ഇന്ത്യൻ കോൺസുലേറ്റിലെ ഡെപ്യൂട്ടി കോൺസെൽ ജനറൽ യതീൻ പട്ടീലും ചടങ്ങിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ജാസിം മുഹമ്മദ് നീമർ, മുൻ കേന്ദ്രമന്ത്രി സി.എം ഇബ്രാഹിം, അഹമ്മദ് (ഷാർജ മുനിസിപ്പാലിറ്റി പ്ലാനിംഗ് ഡിപ്പാർട്ട്മെന്റ്), പ്രമോദ് മഹാജൻ, മുഹമ്മദ് അമീൻ, ബദ്‌രിയ അൽ തമീമി തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.
ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡൻറ് നിസാർ തളങ്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ശ്രീപ്രകാശ് സ്വാഗതവും, ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു. അസോസിയേഷനിലെ മറ്റു ഭാരവാഹികൾ, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ, അസോസിയേഷൻ അംഗങ്ങൾ, വിവിധ സംഘടനകളുടെ പ്രതിനിധികൾ, സാമൂഹ്യരംഗത്തെ പ്രമുഖർ,അസോസിയേഷന് കീഴിലുള്ള വിവിധ സ്കൂളുകളിലേയും സ്ഥാപനങ്ങളിലേയും ജീവനക്കാർ എന്നിങ്ങനെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുമായി ജാതിമത ഭേദമില്ലാതെ സാഹോദര്യത്തിന്റെ സന്ദേശവും പേറി ആയിരങ്ങൾ ഒത്തുചേർന്ന ഇഫ്താർ സംഗമം അക്ഷരാർത്ഥത്തിൽ വിപുലമായ സ്നേഹസംഗമമായി മാറി. ഇഫ്താർ വിരുന്ന് സമയബന്ധിതമായും, കാര്യക്ഷമമായും നടപ്പിലാക്കുന്നതിന് ഷാർജ ഇന്ത്യൻ സ്കൂൾ ബോയ്സ് വിഭാഗത്തിലെ ഹോപ്പ് ക്ലബ്ബ് വളണ്ടിയർമാരെ കൂടാതെ വിവിധ കമ്മറ്റികളുടെ നേതൃത്വത്തിൽ വിപുലമായ വളണ്ടിയർ സംവിധാനമാണ് ഏർപ്പെടുത്തിയിരുന്നത്.