ഷാർജ:കുട്ടികൾക്ക് അവധിക്കാലം ആത്മീയതയിലൂടെ ആനന്ദകരവും വിജ്ഞാനപ്രദവും ആക്കുവാൻ ഷാർജ സി.എസ്.ഐ. മലയാളം പാരീഷ് സൺഡേ സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ വെക്കേഷൻ ബൈബിൾ സ്‌കൂൾ (വി.ബി.എസ്. 2025) അടുത്തവാരം നടക്കുന്നു. മാർച്ച് 24 തിങ്കളാഴ്ച മുതൽ 28 വെള്ളിയാഴ്ച വരെ എല്ലാ ദിവസവും വൈകുന്നേരം 5.45 മുതൽ 8.45 വരെ ഷാർജ സി.എസ്.ഐ. പാരീഷിൽ (എസ്.ഡബ്ള്യു.സി. മെയിൻ ഹാൾ) വച്ച് നടത്തപ്പെടുന്ന വി.ബി.എസ്. ഇടവക വികാരി റവ. സുനിൽ രാജ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. 29 ശനിയാഴ്ച 9.30 നു കൗമാരക്കാർക്കുള്ള മീറ്റിങ്ങും നടക്കും. സി.എസ്.ഐ. മധ്യകേരള മഹായിടവകയുടെ നിയുക്ത കമ്മ്യൂണിക്കേഷൻ ഡയറക്ടർ റവ. എബി ജോർജ് ആലക്കോട്ട് ക്ലാസുകൾക്ക് നേതൃത്വം നൽകും. ‘God’s WiFi: Always Online with God’ എന്ന വിഷയത്തെ അധിഷ്ഠിതമാക്കി ബൈബിൾ കഥകളും പാട്ടുകളും കളികളും മറ്റും ക്രമീകരിച്ചിട്ടുണ്ട്. വിവിധ സഹോദരീസഭകളിലെ ഉൾപ്പെടെ ഇരുന്നൂറിലധികം കുട്ടികൾ പങ്കെടുക്കുമെന്നും കുട്ടികൾക്കു പള്ളിയിലേക്ക് വാഹനസൗകര്യം സൗജന്യമായി ക്രമീകരിച്ചിട്ടുണ്ടെന്നും കൺവീനർമാരായ ശ്രീമതി ആലീസ് ഷിബു, ശ്രീമതി ജെമിനി അഭിലാഷ് എന്നിവർ അറിയിച്ചു. മാർച്ച് 28 നു നടക്കുന്ന സമാപന ചടങ്ങിൽ കുട്ടികളുടെ വിവിധപരിപാടികൾ അരങ്ങേറുമെന്നും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും എന്നും സൺഡേ സ്‌കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി അനില ഫിലിപ്പ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 050 543247415, 0507345071, 050 4812459 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.