ഷാർജ ഖോർഫക്കാന്റെ കിഴക്കൻ പ്രദേശത്തെ ബീച്ചിൽ പുതുപുത്തൻ സാഹസിക വിനോദ പദ്ധതികൾ ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഷൂറൂഖ്) നടപ്പാക്കുന്നു. 2023 നാലാം പാദത്തിൽ പൂർത്തീകരിക്കാനൊരുങ്ങുന്ന പദ്ധതിയിൽ സിപ് ലൈൻ, പടുകൂറ്റൻ ഊഞ്ഞാൽ, ഡ്രൈ സ്ലൈഡ് ട്രാക്ക്, ഹൈക്കിങ് ട്രാക്കുകൾ, മൗണ്ടൻ ബൈക്ക് ട്രാക്കുകൾ തുടങ്ങിയവയും സന്ദർശകർക്കായി വിവിധ സൗകര്യങ്ങളും ഉൾപ്പെടുമെന്ന് ഷുറൂഖ്.ആക്ടിംഗ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അഹമ്മദ് ഉബൈദ് അൽ ഖസീർ പറഞ്ഞു. സഞ്ചാരികൾക്ക് പ്രകൃതിദൃശ്യങ്ങളും സാഹസിക ട്രാക്ക് റൂട്ടുകളും ആസ്വദിക്കാനായി ഒരു നിരീക്ഷണ ഡെക്കും പർവതമുകളിൽ ഒരു റെസ്‌റ്റോറന്റും പദ്ധതിയിൽ ഉൾപ്പെടുന്നു. ഖോർഫക്കാനെ മേഖലയിലെ ഏറ്റവും ആകർഷകമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി ഉയർത്തുകയാണ് ലക്ഷ്യം. ഖോർഫക്കാനിലെ ലുലുയ ബീച്ചിന് സമീപമാണ് പുതിയ സാഹസിക വിനോദ പദ്ധതികൾ നടപ്പാക്കുന്നത്.