ശബരിമല :ലോക പ്രശസ്തമായ ശബരിമല ശ്രീ ധർമ്മ ശാസ്താ ക്ഷേത്രത്തിലെ കൊടിമര നിർമ്മാണം ഡോക്യുമെന്ററിയാകുന്നു. കൊടിമരത്തിനുള്ള മരം കണ്ടെത്തുന്നതു മുതൽ ശബരിമല സന്നിധാനത്ത് പ്രതിഷ്ഠിക്കുന്നതു വരെയുള്ള അപൂർവ്വ ചടങ്ങുകളുടെ ദൃശ്യാവിഷ്ക്കാരമാണ് ഡോക്യുമെന്ററി. പ്രമുഖർ സംഗമിക്കുന്ന ഡോക്യുമെന്ററിയുടെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അനു അനന്തനാണ്. അര മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി യുടെ സംഗീതം രതീഷ് വേഗയുടേതാണ്. വിവരണം – ആർ.ബാലകൃഷ്ണൻ.എഡിറ്റിങ് – വിഷ്ണു.വി.നമ്പീശൻ, കിത്തു വിജയ്. ശ്രീകുമാർ സോപാനവും സന്ദീപുമാണ് ക്യാമറ ചലിപ്പിച്ചത്. ഗ്രാഫിക്സ് – വിഷ്ണു .വി .സുഗുണൻ.
ഒരു ക്ഷേത്രത്തെ സംബന്ധിച്ച് കൊടിമരത്തിന് പ്രാധാന്യം ഏറെയുണ്ട്. ക്ഷേത്ര നട അടഞ്ഞുകിടക്കുന്ന സമയങ്ങളിൽ കൊടിമരത്തെ വണങ്ങാം. കൊടിമരത്തിലെ പ്രതിഷ്ഠാവാഹനം കണ്ടാൽ അകത്തെ മൂർത്തീഭാവത്തെ അറിയാൻ കഴിയും എന്നതു തന്നെ ഇതിന്റ പ്രാധാന്യം വ്യക്തമാക്കുന്നു.
പതിറ്റാണ്ടുകൾക്ക് ശേഷമാണ് ശബരിമല ശ്രീ അയ്യപ്പസന്നിധാനത്തെ സ്വർണ്ണക്കൊടിമരം പുന:പ്രതിഷ്ഠിച്ചത്. ഇതിനായി കോന്നി വനത്തിൽ നിന്നാണ് മരം കണ്ടെത്തിയത്. പിന്നീട് പമ്പയിൽ കൊണ്ടുവന്ന് മരം കൊടിമരത്തിന് പാകപ്പെടുത്തി എണ്ണത്തോണിയിലിട്ട് മാസങ്ങൾക്കു ശേഷമാണ് സന്നിധാനത്തേക്ക് കൊണ്ടുപോയത്. പത്തനംതിട്ട ജില്ലയിലെ പരുമല പി.പി. അനന്തൻ ആചാരിയുടെ നേതൃത്വത്തിലാണ് സ്വർണ്ണക്കൊടിമരം യാഥാർത്ഥ്യമായത്.കേരളത്തിലെ ഒട്ടുമിക്ക പ്രമുഖ ക്ഷേത്രങ്ങളിലും ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി 2000 ത്തോളം കൊടിമരങ്ങൾ നിർമ്മിച്ച അനന്തനാചാരി സ്വന്തം അനുഭവങ്ങൾ ഡോക്യുമെന്ററിയിൽ വിവരിയ്ക്കുന്നു. ഒപ്പം ശിലയുടെ ജോലികൾക്ക് നേതൃത്വം വഹിച്ച ചെങ്ങന്നൂർ തൃപ്പല്ലൂർ സദാശിവനാചാരിയും തന്റെ അനുഭവങ്ങൾ തുറന്നു പറയുന്നു. തടിയുടെ പണി നിർവ്വഹിച്ചത് ചെറായി സുകുമാരനാശാരിയാണ്.ശബരിമല തന്ത്രി കണ്ഠരര് രാജീവരര്, ക്ഷേത്ര സ്ഥപധി വേഴപ്പറമ്പ് ചിത്രഭാനു നമ്പൂതിരിപ്പാട്, അഡ്വക്കേറ്റ് കമ്മീഷണർ എ.എസ്.പി കുറുപ്പ് , ശബരീശന് സ്വർണ്ണക്കൊടിമരം വഴിപാട് സമർപ്പിച്ച സുരേഷ് ചുക്കപ്പള്ളി തുടങ്ങിയവർ ഡോക്യുമെന്ററിയുടെ ഭാഗമാണ്.
മുഖ്യ ശില്പിയുടെ മകനും ശില്പിയുമാണ് സംവിധായകൻ അനു അനന്തൻ. ജീവിതത്തിൽ ലഭിച്ച അപൂർവ്വ നിയോഗമായാണ് ഡോക്യുമെന്ററിയെ കാണുന്നതെന്ന് അദ്ദേഹം പറയുന്നു. വിശ്വാസം മാത്രമല്ല ,ആചാരപരവും ചരിത്രപരവുമായ വിശദാംശങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വരുംതലമുറയ്ക്ക് വേണ്ടിയുള്ള ഒരു പഠന വസ്തു എന്ന നിലയ്ക്ക് ആധികാരികമായാണ് ഡോക്യുമെന്ററി തയ്യാറാക്കിയതെന്നും അനു അനന്തൻ പറയുന്നു. ഡി സി ബുക്സ് പ്രസിദ്ധീകരിക്കുന്ന അയ്യപ്പനും ശില്പിയും എന്ന പുസ്തകത്തിന്റ രചയിതാവ് കൂടിയാണ് അനു അനന്തൻ.
‘ശബരീശൻ്റെ ധ്വജസ്തംഭം’ തിരുവിതാംകൂർ രാജ കുടുംബാംഗം അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി പ്രകാശനം ചെയ്യും. ഡോക്യുമെന്ററിയുടെ ആമുഖം സുരേഷ് ഗോപി എം.പിയുടേതാണ്.