നമ്മുടെ ചുറ്റും ചെറുതും വലുതുമായ ചെടികൾ മരങ്ങൾ ഇവയൊക്കെ ശ്ര ദ്ധിച്ചിട്ടുണ്ടോ? നമ്മൾ കുറച്ചു ദിവസം വെള്ളം കൊടുത്തില്ലെങ്കിൽ അത് വാടി പോകുന്നത് കണ്ടിട്ടില്ലേ? ഇനി അതിന് വേണ്ട വളങ്ങൾ ഒന്നും നല്കിയില്ല എന്നാലോ? അത് തളർന്ന് പോകും ചിലപ്പോൾ അത് ഇല്ലാതായെന്നും വരാം അല്ലേ? ഈ ചെടിയും മരങ്ങളേയും പോലെയാണ് നമ്മോടൊപ്പമുള്ള ചെറിയവരും മുതിർന്നവരും ചെറിയൊരു അശ്രദ്ധ മതി അവർ വാടുകയും തളർന്നു പോകുകയും ചെയ്യാൻ.
നമുക്ക് ചുറ്റും ഒരു വൻ തണൽ മരമായ് നിന്നവരാണ് നമ്മുടെ രക്ഷിതാക്കൾ. അവർ നമ്മുടെ അരികിൽ നിന്ന് ഒന്ന് മാറിയാൽ നമ്മളറിയും നമുക്കായ് അവർ കൊണ്ട വെയിൽ എത്ര കാഠിന്യമേറിയതാണെന്ന്. അവർക്കായ് ഒരു ദിനം ഒക്ടോബർ ഒന്ന് ലോകവയോജന ദിനം ഈ നന്മ മരങ്ങളുടെ സംരക്ഷണത്തിനായി തീർച്ചയായും പല കാര്യങ്ങളും നാം ചെയ്യേണ്ടിയിരിക്കുന്നു. അത് എങ്ങിനെയൊക്കെയാണെന്ന് നോക്കിയാലോ.
വെള്ളം നൽകുക: അവരോടുള്ള സ്നേഹം പ്രകടിപ്പിക്കുക.
എന്നും ചെറു പുഞ്ചിരിയോടെ മാത്രം അവരെ കാണുക.
സൗമ്യമായ് പെരുമാറുക .
വളം നൽകുക : അവരുടെ ശാരീരകവും മാനസികവുമായ ആരോഗ്യത്തെക്കുറിച്ച് അറിയുക. ചിലപ്പോൾ അത് അവരെ അലട്ടുന്നുണ്ടാകും പ്രത്യേകിച്ച കൊറോണ വൈറസ് പിടിപെട്ടുകൊണ്ടിരിക്കുന്ന ഈ കാലത്ത്. അവർക്കുള്ള മരുന്ന് ഭക്ഷണസാധനങ്ങൾ ഒക്കെ നമ്മൾ തന്നെ എത്തിച്ച് കൊടുക്കുക. പുറത്ത് പോയി വന്നാൽ അൽപം അകലത്തിൽ നിൽക്കുക. ഓർക്കുക അവർക്ക് നമ്മുടെയത്ര പ്രധിരോധ ശേഷി ഉണ്ടാവണമെന്നില്ല .
ഇളം കാറ്റ്: അവരോടൊപ്പം കുറച്ചുനേരം പങ്കിടുക നിങ്ങളുടെ സന്തോഷ നിമിഷങ്ങളിൽ അവരേയും ചേർക്കുക .
വെളിച്ചം നൽകുക : ഏറ്റവും കൂടുതൽ ആവശ്യമായ കാര്യം പ്രതീക്ഷയുടെ വെളിച്ചം നൽകുക എന്നതാണ്. നാം എന്തിനും അവരുടെ കൂടെ ഉണ്ട് എന്ന തോന്നൽ നൽകുക. എല്ലാത്തിലും ഒരു മുൻഗണന നല്കുന്നത് നന്നായിരിക്കും. ചിലപ്പോൾ അവർ ദേശ്യപ്പെട്ടേക്കാം അതൊക്കെ നമ്മുടെ നന്മയ്ക്കും നമ്മോടുള്ള സ്നേഹവും കൊണ്ട് മാത്രമാണെന്നറിയുക.
ഈ ഒരു ദിനത്തിൽ മാത്രമല്ല ഇനിയുള്ള ഓരോ നാളും നമ്മുടെ നൻമ മരങ്ങൾക്കുള്ള കരുതലിന്റെ ദിനങ്ങളായി മാറട്ടെ . ഭൂമിയിലുള്ള നമ്മുടെ ജീവിതം ഭൂമിയെ പോലെ കറങ്ങി കൊണ്ടിരിക്കുന്നതാണ്. ഈ ദിനത്തിൽ ഇന്ന് അവർ നാളെ നമ്മളും.