സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരിതെളിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനാണ് കലോത്സവം ഔദ്യോഗികമായി ഉദ്‌ഘാടനം ചെയ്തത്. ഉദ്‌ഘാടനത്തിന് മുൻപായി കേരള കലാമണ്ഡലം ചിട്ടപ്പെടുത്തിയ സ്വാഗത നൃത്തവും അരങ്ങേറി. മുഖ്യമന്ത്രി അടക്കമുള്ള വിശിഷ്ട വ്യക്തികൾ കൽവിളക്ക് തെളിച്ചതോടെയാണ് 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കമായത്. എംടിയുടെ സ്മരണാർത്ഥം സെൻട്രൽ സ്റ്റോഡിയത്തിലെ പ്രധാനവേദിയായ എംടി നിളയിലായിരുന്നു ഉദ്ഘാടന ചടങ്ങ് അരങ്ങേറിയത്.
കലാകേരളത്തിൻ്റെ കൗമാരപ്രതിഭകൾ 25 വേദികളിലായാണ് മികവ് തെളിയിക്കാൻ മാറ്റുരയ്ക്കുന്നത്. 11 മണിയോടെ എല്ലാ വേദികളിലും മത്സരം ആരംഭിച്ചിരുന്നു . പുത്തരിക്കണ്ടത്തെ ഭക്ഷണശാലയിൽ രാവിലെ മന്ത്രി കെ എൻ ബാലഗോപാൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പി ഉദ്ഘാടനം ചെയ്തതോടെ ഊട്ടുപുര സജീവമായി. 25 വേദികളിലായി നടക്കുന്ന 249 മത്സരയിനങ്ങളിൽ പതിനായിരത്തിലേറെ കൗമാരപ്രതിഭകളാണ് പങ്കെടുക്കുന്നത്. ഹയര്‍ സെക്കണ്ടറി വിഭാഗം പെണ്‍കുട്ടികളുടെ ഒപ്പനയും സംഘനൃത്തവും ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മാര്‍ഗംകളിയും ആദ്യദിനം തന്നെ വേദികളെ ആവേശത്തിലാഴ്ത്ത്തി .