സൗദി അറേബ്യ: സൗദി അറേബ്യായിൽ പകർച്ചപ്പനിക്കെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കാൻ സൗദി ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്തു. കാലാവസ്ഥാ മാറ്റം അനുഭവപ്പെടുന്നതിന്റെ ഭാഗമായി രാജ്യത്ത് പകർച്ചപ്പനി റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് കുത്തിവയ്പ്പെടുക്കാൻ ആഹ്വാനം ചെയ്തത്. വാക്സീൻ എടുക്കുക, തിരക്കുള്ള സ്ഥലങ്ങളിൽനിന്ന് മാറിനിൽക്കുക, കൈകൾ നന്നായി കഴുകുക, കണ്ണും വായും നേരിട്ട് സ്പർശിക്കുന്നത് ഒഴിവാക്കുക, തുമ്മുകയോ ചുമയ്ക്കുകയോ ചെയ്യുമ്പോൾ ടിഷ്യൂ പേപ്പർ ഉപയോഗിക്കുക, സ്ഥലത്തിന്റെ ശുചിത്വം ഉറപ്പാക്കുക എന്നിവ പകർച്ചപ്പനി തടയാനുള്ള പ്രതിരോധ മാർഗങ്ങളാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഏറ്റവും അടുത്തുള്ള മെഡിക്കൽ സെന്ററുകളിൽ പകർച്ചപ്പനിക്കെതിരെയുള്ള വാക്സീൻ ലഭ്യമാണ്. ഈ വാക്സീൻ സുരക്ഷിതവും സൗജന്യവുമാണ്. പാർശ്വഫലങ്ങളൊന്നുമില്ലെന്നും ലോകത്തെ എല്ലാ രാജ്യങ്ങളിലും വർഷങ്ങളായി ഫലപ്രാപ്തി തെളിയിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.