ദുബായ് :ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ യുഎഇ ഭരണാധികാരികൾ അനുശോചനം രേഖപ്പെടുത്തി.സമാധാനപരമായ സഹവർത്തിത്വത്തിന്റെയും ധാരണയുടെയും തത്വങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി തന്റെ ജീവിതം സമർപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ലോകമെമ്പാടുമുള്ള കത്തോലിക്കർക്ക് എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും, അദ്ദേഹത്തിന് നിത്യശാന്തി ലഭിക്കട്ടെയെന്നും യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഒരു ട്വീറ്റിൽ കുറിച്ചു.“അഭിവന്ദ്യ ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തിൽ ഞങ്ങൾക്ക് അതിയായ ദുഃഖമുണ്ട്” എണ്ണമറ്റ ജീവിതങ്ങളെ സ്പർശിച്ച കാരുണ്യവും സമാധാനത്തോടുള്ള പ്രതിബദ്ധതയും നിറഞ്ഞ മഹാനായ നേതാവായിരുന്നു അന്തരിച്ച പോപ്പ്. എളിമയുടെയും മതാന്തര ഐക്യത്തിന്റെയും അദ്ദേഹത്തിന്റെ പാരമ്പര്യം ലോകമെമ്പാടുമുള്ള നിരവധി സമൂഹങ്ങളെ പ്രചോദിപ്പിക്കുന്നത് തുടരുമെന്ന് അദ്ദേഹം പ്രശംസിച്ചുകൊണ്ട് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ട്വീറ്റിൽ കുറിച്ചു.
അതിനിടെ യുഎഇയിലെ കത്തോലിക്കാ പള്ളികൾ അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി വിശുദ്ധ കുർബാന അർപ്പിക്കണമെന്നും “എല്ലാ ദൈവജനങ്ങളെയും അതത് ഇടവകകളിൽ നമ്മുടെ പ്രിയപ്പെട്ട ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടിയുള്ള കുർബാനയിൽ പങ്കെടുക്കാൻ ക്ഷണിക്കണമെന്നും” ദക്ഷിണ അറേബ്യയിലെ (Avosa) അപ്പസ്തോലിക് വികാരി ബിഷപ്പ് പൗലോ മാർട്ടിനെല്ലി OFM Cap ആഹ്വാനം ചെയ്തു.